തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് ആരംഭിച്ച നിയന്ത്രണങ്ങൾ ഇപ്പോൾ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
കന്റോൺമെന്റ് ഗേറ്റിൽ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള മുൻകൂർ ശുപാർശയില്ലാതെ അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്തേക്ക് കടത്തിവിടുന്നില്ല.
മുൻ സർക്കാരുകളുടെ കാലത്ത് ഇത്തരത്തിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ അന്നത്തെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ, പൊതു സന്ദർശകർക്കായി സമയം വൈകിട്ട് 3 മുതൽ 5 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. പാസ് എടുത്തോ, അകത്തുനിന്ന് സുരക്ഷാ ഗേറ്റിലേക്ക് ഫോൺ വഴി അനുമതി വാങ്ങിയോ മാത്രമേ ഈ സമയത്ത് പ്രവേശനം അനുവദിക്കൂ.
നിലവിൽ, പൊതുജനങ്ങൾക്കുള്ള ഈ നിയന്ത്രണം മറയാക്കി മാധ്യമപ്രവർത്തകരെയും തടയുന്ന സാഹചര്യമാണുള്ളത്. മുഖ്യമന്ത്രിക്കു കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കർശന പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ നൽകുന്നത്.
സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള നിയന്ത്രിത മേഖലകളിൽ പ്രവേശിക്കാനുള്ള അവകാശം കൂടിയാണ് ഈ കാർഡ് നൽകുന്നത്. എന്നിരുന്നാലും, സാധുവായ അക്രഡിറ്റേഷൻ കാർഡുമായി എത്തുന്ന മാധ്യമപ്രവർത്തകരും തടയപ്പെടുകയാണ്.
ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇങ്ങനെയാണ്: “മുഖ്യമന്ത്രി ബജറ്റിന്റെ തിരക്കിലായതിനാൽ സെക്രട്ടേറിയറ്റിലെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സമയം ലഭിച്ചില്ലെന്നും ഈ മാസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നുമാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

