വിഴിഞ്ഞം ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധന സീസണിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തീരപ്രദേശങ്ങളിലേക്ക് മത്സ്യത്തൊഴിലാളികളും വള്ളങ്ങളും എത്തിത്തുടങ്ങിയതോടെ വിപണി സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
നിലവിൽ പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരപ്രദേശങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞം തുറമുഖത്ത് തമ്പടിച്ചിരിക്കുന്നത്. തീരദേശവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കടലിളക്കി കൊണ്ടുവരുന്ന ‘ചേൽ’.
ഇത് കടന്നുപോയി കടൽ ശാന്തമായാൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയില്ലാതെ കടലിലേക്ക് പോകാൻ സാധിക്കൂ എന്ന് അവർ അഭിപ്രായപ്പെടുന്നു. “വൈകാശി 10 ദിനമായ 25നാണ് കടലിളക്കുന്ന കനത്തമഴ പെയ്യേണ്ടിയിരുന്നതെന്ന്” തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം മഴയിൽ നേരിയ മാറ്റം വന്നെങ്കിലും, വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ശക്തമായ കാറ്റ്, ഒഴുക്ക്, ഇടി, മിന്നൽ എന്നിവയോടൊപ്പം ശക്തമായ മഴയും ചേർന്നാണ് ‘ചേൽ’ രൂപപ്പെടുന്നത്.
ഇത് കടന്നുപോകുന്നതോടെ കടലിൽ മത്സ്യലഭ്യത വർധിക്കുമെന്നും, പിന്നാലെ മൂന്നു മുതൽ നാലു മാസം വരെ നീണ്ടുനിൽക്കുന്ന പ്രധാന മത്സ്യബന്ധന സീസൺ സജീവമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വിഴിഞ്ഞത്തെ തീരദേശ സമൂഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

