വൈക്കം: വേമ്പനാട്ടുകായലിന്റെ ആഴവും വിസ്തൃതിയും കുറയുന്നത് ജലഗതാഗതത്തെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ദോഷകരമായി ബാധിക്കുന്നു. കായലിലെ ആഴം കുറഞ്ഞതോടെ ആഴക്കടലിൽ നിന്നുള്ള മത്സ്യങ്ങളുടെ വരവ് കാര്യമായി കുറഞ്ഞു.
മുൻകാലങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന കണമ്പ്, കാളാഞ്ചി, പൂമീൻ, വറ്റ, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളും നാരൻ, കാര ചെമ്മീൻ ഇനങ്ങളും ഇപ്പോൾ ലഭ്യമല്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. കക്ക ലഭ്യതയിലെ കുറവ്
കായലിലെ കക്ക സമ്പത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻപ് ഒരു മണിക്കൂർ അധ്വാനിച്ചാൽ 25 പാട്ട കക്ക വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് കഷ്ടപ്പെട്ട് അധ്വാനിച്ചാലും 8 പാട്ട
കക്ക ലഭിക്കാൻ പ്രയാസമാണ്. അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാത്തത് മത്സ്യത്തൊഴിലാളികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
ഉപ്പുവെള്ളം കയറിവരുന്ന സമയത്താണ് കക്കകളുടെ പ്രജനനം നടക്കാറുള്ളത്. എന്നാൽ ഇത്തവണ അത്തരം സാഹചര്യം ഉണ്ടായിട്ടില്ലാത്തതിനാൽ കായലിൽ നിന്നും കക്ക അപ്രത്യക്ഷമാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളി കുടുംബങ്ങൾ.
പ്രത്യേക സംഘത്തെ നിയമിക്കും
വേമ്പനാട്ടുകായലിലെ ജലസംഭരണ ശേഷി കുറയുന്ന വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാകുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. പ്രശ്നം പഠിക്കുന്നതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
“ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥ തലത്തിൽ റിപ്പോർട്ടു തേടും.
വകുപ്പ് തലത്തിൽ ചെയ്യേണ്ടത് ആണെങ്കിൽ അങ്ങനെയും പൊതുവായി ചെയ്യേണ്ടത് ആണെങ്കിൽ അങ്ങനെയും പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെയ്യാൻ നടപടി സ്വീകരിക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

