ചാലിശ്ശേരി–കൂറ്റനാട് റോഡരികിൽ വർഷങ്ങളായി തണലേകിയിരുന്ന നൂറുകണക്കിന് വൻമരങ്ങൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റുന്നു. പദ്ധതിയുടെ ഭാഗമായി ഏകദേശം 500-ഓളം മരങ്ങളാണ് നിലംപതിക്കുന്നത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള മഴമരങ്ങൾ, ആൽമരങ്ങൾ, പ്ലാവുകൾ, മാവുകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ് നവീകരണത്തിനായി വെട്ടിനീക്കുന്നത്. വേനൽക്കാലങ്ങളിൽ കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും സമീപത്തെ കച്ചവട
സ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്കും ഏറെ ആശ്വാസമായിരുന്നു ഈ മരങ്ങൾ. നിലവിൽ വൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് മരങ്ങൾ മുറിച്ചുനീക്കുന്നത്.
തൃത്താല മണ്ഡലത്തിലെ പ്രധാന പാതയായതിനാൽ, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, വാഹന തിരക്ക് കുറയ്ക്കുക, സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് നവീകരണത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, വികസനത്തെ സ്വാഗതം ചെയ്യുമ്പോഴും പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള ഇത്തരം നടപടികൾ ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
പ്രദേശത്തെ താപനില നിയന്ത്രിക്കുന്നതിനും വായു ശുദ്ധീകരിക്കുന്നതിനും മഴയുടെ ലഭ്യത നിലനിർത്തുന്നതിനും ഈ മരങ്ങൾ വഹിച്ചിരുന്ന പങ്ക് വളരെ വലുതാണ്. പച്ചപ്പ് നഷ്ടപ്പെടുന്നത് വരും വർഷങ്ങളിൽ ചൂട് വർധിക്കാനും പൊടിശല്യം രൂക്ഷമാകാനും കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണമെന്നും അവ സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ യാത്രാസമയം കുറയുമെന്നും അപകടസാധ്യത ഇല്ലാതാകുമെന്നും അധികൃതർ അവകാശപ്പെടുമ്പോഴും, തലമുറകളായി തണൽപ്പാതയായി അറിയപ്പെട്ടിരുന്ന ഈ പാതയുടെ പഴയ മുഖം ഇനി ഓർമ്മ മാത്രമാകുമെന്ന നിരാശയിലാണ് പ്രദേശവാസികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

