മൂവാറ്റുപുഴ മാറാടി മഞ്ചരിപ്പടിയിൽ തനിച്ചു താമസിക്കുന്ന വയോധികയെ മുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങൾ കവർന്നതായി പരാതി.
പൂമറ്റത്തിൽ മറിയാമ്മയുടെ (89) വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മോഷണം നടന്നത്.
സംഭവസമയത്ത് വീട്ടിൽ മറിയാമ്മയും വീട്ടുജോലിക്കാരിയും മാത്രമാണുണ്ടായിരുന്നത്. സമീപത്തെ വീട്ടിൽ താമസിക്കുന്ന സഹോദരനും കുടുംബവും പള്ളിയിൽ പോയ തക്കത്തിനാണ് അക്രമി വീട്ടിൽ കടന്നത്.
മറിയാമ്മ വീടിന്റെ മുൻവാതിൽ ചാരി കിടന്നുറങ്ങുന്നതിനിടെ മുഷിഞ്ഞ മുണ്ടും ഷർട്ടും ധരിച്ച മധ്യവയസ്കൻ അകത്ത് പ്രവേശിക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി ബഹളം കേട്ട് ഓടിയെത്തിയെങ്കിലും, മോഷ്ടാവ് ഇവരെ ബലമായി മുറിയിലേക്ക് തള്ളിമാറ്റി വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് കവർച്ച നടത്തിയത്.
ഈ വീട്ടുജോലിക്കാരി കഴിഞ്ഞ 5 മാസമായി ഇവിടെ ജോലി ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് മറിയാമ്മയുടെ വാക്കുകൾ ഇങ്ങനെ: “ഉറക്കത്തിൽ കയ്യിൽ വേദന അനുഭവപ്പെട്ടപ്പോഴാണ് എഴുന്നേറ്റത്.
എഴുന്നേറ്റപ്പോൾ വായിൽ തുണി തിരുകിയ നിലയിലായിരുന്നു. കയ്യിലുണ്ടായിരുന്ന 5 വളകളും മാലയും എടുത്തു.
മോതിരം ഊരാൻ നോക്കിയെങ്കിലും സാധിച്ചില്ല. കമ്മൽ വലിച്ചുപൊട്ടിക്കാൻ നോക്കിയപ്പോൾ തടഞ്ഞു.
അതോടെ കിട്ടിയ സ്വർണവുമായി മോഷ്ടാവു കടന്നുകളഞ്ഞു.” സംഭവത്തിൽ വീട്ടുജോലിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ ഫോണിൽ നിന്നും സംശയാസ്പദമായ കോളുകൾ പോയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

