പാലക്കാട്: കൽപാത്തി പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട അമ്മാവനെ രക്ഷിക്കാൻ ശ്രമിച്ച പതിമൂന്നുകാരൻ മുങ്ങി മരിച്ചു.
കൽപാത്തി പേച്ചിയമ്മൻ നഗർ സ്വദേശി മനോജ് കുമാറിന്റെ മകൻ എം.ആദർശ് (13) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് കൽപാത്തി പുഴക്കടവിലായിരുന്നു സംഭവം.
ആദർശ് സഹോദരൻ ആയുഷ്, അമ്മാവൻ ശിവകുമാർ, മറ്റു രണ്ടു സുഹൃത്തുക്കൾ എന്നിവർക്കൊപ്പം പുഴയിൽ കുളിക്കാനായി എത്തിയതായിരുന്നു. ഇതിനിടെ ശിവകുമാർ മുങ്ങിത്താഴുന്നതു കണ്ട് ആദർശ് രക്ഷിക്കാൻ ശ്രമിച്ചു.
ഇരുവരും മുങ്ങിത്താഴുന്നതു കണ്ടതോടെ കൂടെയുണ്ടായിരുന്നവർ നിലവിളിച്ചു. സമീപത്തെ ശിവക്ഷേത്രത്തിലുണ്ടായിരുന്ന നിർമാണത്തൊഴിലാളികളെത്തി ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആദർശ് മുങ്ങിത്താഴ്ന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ ശിവകുമാറിനെ രക്ഷപ്പെടുത്തി. തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും ആദർശിനെ കണ്ടെത്താനായില്ല.
തുടർന്ന് പാലക്കാട് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.
ഒലവക്കോട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദർശ്. അനുപ്രിയയാണ് അമ്മ.
ബാസ്കറ്റ്ബോൾ കോർട്ടിലെ സജീവ സാന്നിധ്യമായിരുന്ന ആദർശിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് സ്കൂളും നാടും. സ്പോർട്സിൽ വലിയ താൽപര്യമുണ്ടായിരുന്ന ആദർശ്, അച്ഛൻ മനോജ് കുമാറിനൊപ്പം ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു.
സ്കൂൾ മീറ്റിൽ ഓട്ടത്തിലും ക്രിക്കറ്റിലും ഉൾപ്പെടെ മത്സരിച്ചിട്ടുണ്ട്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദർശ് സ്കൂൾ ബാസ്കറ്റ്ബോൾ ടീമിൽ അംഗമാകുന്നത്.
കഴിഞ്ഞ വർഷം നടന്ന ജില്ലാ കിഡ്സ് ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. പഠനത്തിലും മിടുക്കനായിരുന്നു ആദർശ്.
എട്ടാം ക്ലാസിലേക്കു ജയിച്ച് പുതിയ യൂണിഫോമും പുസ്തകങ്ങളുമായി സ്കൂളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വേർപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

