റഷ്യയിലെ ബാൾട്ടിക് പോർട്ടോവായ പ്ലാന്റിൽ നിന്ന് ഗുജറാത്ത ലക്ഷ്യമാക്കി പുറപ്പെട്ട എൽഎൻജി കപ്പലിന് പ്രവേശനം നിഷേധിച്ച് ഇന്ത്യ.
യുഎസിന്റെ ഉപരോധ പട്ടികയിലുള്ള പ്ലാന്റിൽ നിന്ന് എൽഎൻജി ശേഖരിച്ച കപ്പൽ, കർശന നിലപാടിനെത്തുടർന്ന് നിലവിൽ സിംഗപ്പൂരിന് സമീപം തുടരുകയാണ്. റഷ്യൻ ഉത്ഭവമാണെന്ന വിവരം മറച്ചുവെക്കാൻ രേഖകളിൽ കൃത്രിമം കാണിച്ചതായി സൂചനയുണ്ട്.
ഇതേത്തുടർന്നാണ് കപ്പൽ സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യ റഷ്യയെ അറിയിച്ചത്. ഹോർമുസ് പ്രതിസന്ധിക്കിടയിൽ, ഇന്ത്യയുമായി ദീർഘകാല എൽഎൻജി കരാറിനായി റഷ്യ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
സംഭവത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റഷ്യയിലെ പോർട്ടോവായ, ആർട്ടിക് എൽഎൻജി 2 തുടങ്ങിയ പ്ലാന്റുകളിൽ നിന്നുള്ള കയറ്റുമതിക്കാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
ഉപരോധം ബാധകമല്ലാത്ത മറ്റ് പ്ലാന്റുകളിൽ നിന്നുള്ള എൽഎൻജി വാങ്ങാൻ ഇന്ത്യൻ കമ്പനികൾ സന്നദ്ധമാണെങ്കിലും, ഇതിന്റെ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങൾക്കും ബാക്കി ചൈനയ്ക്കും നൽകാനാണ് റഷ്യയുടെ തീരുമാനം. കണക്കുകൾ പ്രകാരം, ഉപരോധമുള്ളതും അല്ലാത്തതുമായ റഷ്യൻ എൽഎൻജി വാങ്ങുന്നതിൽ ചൈനയാണ് ഇപ്പോഴും മുൻപന്തിയിലുള്ളത്.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യൻ ക്രൂഡ് ഓയിലിന് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ ഇക്കഴിഞ്ഞ മാർച്ചിൽ യുഎസ് താൽക്കാലിക ഇളവ് അനുവദിച്ചിരുന്നു. ഹോർമുസ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നൽകിയ ഈ ഇളവ് മേയ് 16-ന് അവസാനിക്കും.
ഈ കാലയളവിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നുണ്ട്. ഉപരോധം മറികടന്ന് ക്രൂഡ് ഓയിൽ എത്തിക്കാൻ ‘ഷാഡോ ഫ്ളീറ്റ്’ കപ്പലുകളെ ഉപയോഗിച്ച് ഉൾക്കടലിൽ വെച്ച് ‘ഷിപ് ടു ഷിപ്’ രീതിയിൽ കൈമാറ്റം സാധ്യമാണെങ്കിലും, എൽഎൻജിക്ക് ഇത്തരം മാർഗങ്ങൾ പ്രായോഗികമല്ല.
ഇതാണ് റഷ്യൻ നീക്കത്തിന് തിരിച്ചടിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

