ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ശ്രദ്ധേയരായ ആദിലയും നൂറയും തങ്ങളുടെ ജീവിതത്തിലെ പുതിയൊരു നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷത്തിലാണ്. ബിഗ് ബോസിന് ശേഷവും സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സജീവമായ ഇരുവരും, തങ്ങൾ സ്വന്തമാക്കിയ ആദ്യ വാഹനത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
ഈ നേട്ടത്തോടൊപ്പം പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ”ഈ കാർ ഞങ്ങളുടെ ആദ്യത്തെ വാഹനം എന്നതിലുപരി മറ്റെന്തൊക്കെയോ ആണ്.
ഞങ്ങൾ മറികടന്ന ഓരോ സംശയങ്ങളുടെയും ഉള്ളിലൊതുക്കിയ ഭയത്തിന്റെയും ഞങ്ങളെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്ന് മറ്റുള്ളവർ തോന്നിപ്പിച്ച നിമിഷങ്ങളുടെയുമൊക്കെ ഓർമപ്പെടുത്തലാണിത്. ആളുകൾ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോഴും ഞങ്ങളുടെ ഓർമ്മയിലുണ്ട്: “നിങ്ങൾ രണ്ടാൾക്കും സമൂഹത്തിന് മുന്നിൽ ഇങ്ങനെ ജീവിക്കാൻ കഴിയില്ല, നിങ്ങൾക്കൊരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയില്ല.
പരസ്പരം കൈകോർത്തുപിടിച്ച് ഈ ലോകത്ത് അതിജീവിക്കാൻ നിങ്ങൾക്ക് കഴിയില്ല”, എന്നൊക്കെ. പക്ഷേ ഇന്ന്… ഞങ്ങൾ പരസ്പരം കൈകോർത്തുപിടിച്ച് പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുക മാത്രമല്ല ചെയ്യുന്നത്.
ഞങ്ങളുടെ സ്വപ്നങ്ങളെയാണ് ഞങ്ങൾ ചേർത്തുപിടിച്ചിരിക്കുന്നത്. ഞങ്ങളുടെ ആദ്യത്തെ കാർ… കഠിനാധ്വാനം കൊണ്ടും സ്നേഹം കൊണ്ടും കണ്ണീരും ക്ഷമയും പരസ്പരമുള്ള വിശ്വാസവും കൊണ്ടും ഞങ്ങൾ നേടിയെടുത്തതാണിത്.
ഞങ്ങളുടെ ജീവിതത്തിൽ സ്വന്തമാക്കുന്ന ആദ്യത്തെ വലിയ കാര്യമാണിത്. സത്യം പറഞ്ഞാൽ, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര വികാരനിർഭരമായ ഒന്നാണിത്.
ഞങ്ങളുടെ യാത്രയെക്കുറിച്ച് ശരിക്കും അറിയുന്നവർക്ക് മാത്രമേ ഈ നിമിഷം ഞങ്ങൾക്ക് എത്രത്തോളം വലുതാണെന്ന് മനസിലാക്കാൻ കഴിയൂ. ഞങ്ങളെക്കുറിച്ച് തന്നെ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്.
അതൊരു കാർ വാങ്ങിയതുകൊണ്ട് മാത്രമല്ല, ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ ഒരിക്കൽ പോലും ഞങ്ങൾ പരസ്പരം കൈവിട്ടില്ല എന്നതുകൊണ്ടാണ്”, എന്ന് ആദിലയും നൂറയും തങ്ങളുടെ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

