ബേപ്പൂർ തുറമുഖത്തുനിന്നു സർവീസ് നടത്തുന്ന യന്ത്രവൽകൃത ഉരുക്കൾക്കുള്ള മൺസൂൺകാല യാത്രാ നിയന്ത്രണം ഈ മാസം 15-ന് ആരംഭിക്കും. ഇതോടെ സെപ്റ്റംബർ 15 വരെയുള്ള നാലു മാസക്കാലം ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസുകൾ പൂർണമായും നിലയ്ക്കും.
മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഏർപ്പെടുത്തുന്ന ഈ നിയന്ത്രണം തുറമുഖത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. നിലവിൽ ചരക്കുമായി ദ്വീപിലേക്ക് പോകാൻ തയ്യാറായി എംഎസ്വി ബിസ്മി, ജയഗണേഷ്, ദീപദർശൻ എന്നീ മൂന്നു ഉരുക്കൾ മാത്രമാണ് ബേപ്പൂരിലുള്ളത്.
തുറമുഖ അധികൃതരുടെ ക്ലിയറൻസ് ലഭിച്ച ഇവ മൂന്നും ഇന്ന് രാവിലെ തീരം വിടും. കവരത്തിയിൽ നിന്നു സവായ് തക്കോളി, ആന്ത്രോത്ത് ദ്വീപിൽ നിന്ന് എംഎസ്വി സർക്കാർ എന്നീ ഉരുക്കൾ ഇന്നലെ തുറമുഖത്ത് എത്തിച്ചേർന്നിട്ടുണ്ട്.
ചരക്കുകൾ ഇറക്കിയെങ്കിലും 12, 13, 14 തീയതികളിൽ കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ ഇവയുടെ തുടർയാത്ര അനിശ്ചിതത്വത്തിലാണ്. മർക്കന്റൈൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ചെറുകിട
തുറമുഖങ്ങളിൽ ജലയാനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഈ കാലയളവിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള കപ്പലുകൾ വഴി മാത്രമായിരിക്കും ചരക്കുനീക്കം.
സാഗർ സാമ്രാജ്, സാഗർ യുവരാജ്, ഗംഗ, തിന്നക്കര, ലക്കദ്വീവ്സ് എന്നീ ചരക്കു കപ്പലുകൾ വഴി അവശ്യവസ്തുക്കളും ഇന്ധനവും നിർമാണ സാമഗ്രികളും ദ്വീപിൽ എത്തിക്കും. ലക്ഷദ്വീപിലേക്കുള്ള പ്രധാന ചരക്കുഗതാഗതം ഉരുക്കളെ ആശ്രയിച്ചാണ് നടക്കുന്നത്.
നേരത്തെ 30-ഓളം ഉരുക്കൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത്, നിലവിൽ 12 ഉരുക്കൾ മാത്രമാണ് സർവീസിലുള്ളത്. യാത്രാ നിയന്ത്രണങ്ങൾ മൂലം ഉരുക്കൾ ചാലിയാറിലെ സുരക്ഷിത കേന്ദ്രങ്ങളിൽ നങ്കൂരമിടുകയും തമിഴ്നാട് കടലൂർ സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ തുറമുഖത്തെ കയറ്റിറക്കു തൊഴിലാളികൾ കടുത്ത തൊഴിൽ മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

