കുമ്പള പഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിച്ച കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് നിർത്തിവെച്ചു. 7 ലക്ഷത്തോളം രൂപ കുടിശികയായതിനെ തുടർന്നാണ് നടപടി.
ഈ മാസം ഒന്നാം തീയതി മുതൽ സർവീസ് നിലച്ചു. ഇതോടെ ഈ ബസിനെ ആശ്രയിച്ചിരുന്ന ഗ്രാമീണ മേഖലയിലെ യാത്രക്കാർ ദുരിതത്തിലായി.
2023-ലാണ് ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ കുമ്പള പഞ്ചായത്തിന്റെ നിർദേശപ്രകാരം സർവീസ് ആരംഭിച്ചത്. ഡീസൽ ചെലവിനത്തിൽ പ്രതിമാസം 1.25 ലക്ഷം രൂപ കെഎസ്ആർടിസിക്ക് നൽകണമെന്നതായിരുന്നു കരാർ.
എന്നാൽ കഴിഞ്ഞ നവംബർ മുതൽ ഏപ്രിൽ വരെ ആറു മാസത്തെ തുക പഞ്ചായത്ത് നൽകിയിട്ടില്ല. നിലവിലെ കരാർ കാലാവധി ഈ മാസം 31-നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.
ഗ്രാമവണ്ടി സർവീസ് വഴി പ്രതിവർഷം 14 ലക്ഷത്തോളം രൂപയുടെ അധികബാധ്യത പഞ്ചായത്തിനുണ്ടാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആറു മാസത്തെ കുടിശിക തീർക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി കാത്തിരിക്കുകയാണെന്ന് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി.അബ്ദുൽഖാദർ അറിയിച്ചു.
തുക ഉടൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കുടിശിക ലഭിച്ചാൽ സർവീസ് പുനരാരംഭിക്കാൻ തയ്യാറാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
വിഷയം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പലതവണ കത്തുകൾ നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ ഈ ബസ് കാസർകോട്–കാഞ്ഞങ്ങാട് റൂട്ടിലാണ് സർവീസ് നടത്തുന്നത്.
കുമ്പള, പേരാൽ, ബംബ്രാണ, കൊടിയമ്മ, കളത്തൂർ തുടങ്ങിയ റൂട്ടുകളിലായിരുന്നു നേരത്തെ സർവീസ് നടത്തിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

