തൃശൂർ ∙ പുതിയ കെട്ടിടനിർമാണം മൂലം കിടപ്പാടത്തിനു കേടുപാടുണ്ടായെന്ന് ആരോപിച്ച് സ്വകാര്യ അപ്പാർട്മെന്റ് സമുച്ചയത്തിന്റെ കവാടം പൂട്ടിയിട്ട് പ്രദേശവാസികളുടെ സമരം. വളർക്കാവ് ഡിവിഷനിൽ കുരിയച്ചിറ സെന്റ് തോമസ് സ്ട്രീറ്റിൽ ജലസേചന വകുപ്പിന്റെ കനാലിനോട് ചേർന്ന സ്ഥലത്ത് താമസിക്കുന്ന സ്ത്രീകളാണ് അപ്പാർട്മെന്റിന്റെ കവാടം രണ്ടര മണിക്കൂറോളം പുറത്തുനിന്ന് പൂട്ടിയിട്ടത്.
മണ്ണെണ്ണ ദേഹത്തൊഴിക്കാൻ ഒരു വീട്ടമ്മ നടത്തിയ ശ്രമം ഒല്ലൂർ പൊലീസ് ഇടപെട്ടു തടഞ്ഞു. നിലവിൽ രണ്ട് അപ്പാർട്മെന്റ് സമുച്ചയങ്ങൾക്കു പുറമെ മൂന്നാമത്തെ സമുച്ചയത്തിന്റെ നിർമാണമാണ് ഇവിടെ നടക്കുന്നത്.
പൈലിങ് പ്രവൃത്തികൾ മൂലം വീടുകൾക്കു വിള്ളൽ വീണെന്നും സിമന്റ് കട്ടകളും കമ്പിയും മണ്ണും അടക്കമുള്ള നിർമാണസാമഗ്രികൾ ഓടുമേഞ്ഞ വീടുകളിലേക്കു വീണു കേടുപാടു സംഭവിക്കുകയാണെന്നും മണ്ണും പൊടിയും ശ്വസിച്ച് കുട്ടികൾ അടക്കമുള്ളവർക്ക് അസുഖമൊഴിഞ്ഞ നേരമില്ലെന്നുമാണ് വീട്ടമ്മമാരുടെ പരാതി. കനാൽ റോഡിൽ 18 കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇവരുടെ വീടുകൾക്ക് തൊട്ടടുത്താണ് നിർമാണ പ്രവർത്തനം നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മഴയത്ത് ഒരു വീടിന്റെ മതിൽഭാഗം നിർമാണം നടക്കുന്ന താഴ്ചയിലേക്ക് ഇടിഞ്ഞുവീണിരുന്നു.
പ്രശ്നം സങ്കീർണമായതോടെ മേയർ നിജി ജസ്റ്റിൻ, ഡിവിഷൻ കൗൺസിലർ മേഴ്സി അജി, കൗൺസിലർ ഷോമി ഫ്രാൻസിസ് എന്നിവരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ചകൾ നടത്തിയിരുന്നു. സംരക്ഷണഭിത്തി നിർമിക്കാമെന്നും സമുച്ചയ നിർമാണം പൂർത്തിയാക്കും വരെ കൂടുതൽ ദുരിതമനുഭവിക്കുന്ന നാലു കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാമെന്നും നിർമാതാക്കൾ ഉറപ്പുനൽകിയിരുന്നതായി മേയർ നിജി ജസ്റ്റിൻ അറിയിച്ചു.
എന്നാൽ, തുടക്കത്തിൽ സമ്മതിച്ചുവെങ്കിലും പിന്നീട് സ്ഥിരമായി പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ മുന്നോട്ടു വരികയായിരുന്നു. വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ഇന്നലെ രാവിലെ ഒല്ലൂർ സ്റ്റേഷനിലേക്കും തുടർന്ന് കലക്ടറേറ്റിലേക്കും കോർപറേഷനിലേക്കും പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയിരുന്നു.
അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഉച്ചയോടെ അപ്പാർട്മെന്റ് കവാടം പൂട്ടി സമരം തുടങ്ങിയത്. ബിജെപി എറണാകുളം മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാരിയർ, ജനറൽ സെക്രട്ടറി ഇ.എസ്.ബിനോയ് എന്നിവർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസുമായി ബന്ധപ്പെട്ടു.
ഓഫിസ് പ്രതിനിധികൾ ഇന്ന് രാവിലെ 10.30-ന് സ്ഥലം സന്ദർശിക്കുമെന്ന് അവർ അറിയിച്ചു. അതേസമയം, പ്രശ്നപരിഹാരത്തിനായി ഇന്ന് വൈകിട്ട് നാലിന് കോർപറേഷൻ ഓഫിസിൽ ജലസേചന വകുപ്പ്, കോർപറേഷൻ എൻജിനീയറിങ് വിഭാഗം, ഒല്ലൂർ വില്ലേജ് ഓഫിസർ, പൊലീസ്, കെട്ടിട
ഉടമകൾ, പ്രദേശവാസികൾ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മേയർ നിജി ജസ്റ്റിൻ വ്യക്തമാക്കി. സംഭവത്തിൽ പ്രതികരിക്കാൻ നിർമാണച്ചുമതലയുള്ള കരാറുകാരൻ തയാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

