കേരളത്തിൽ സ്വർണവിലയിൽ വലിയ വർധനവ് തുടരുന്നു. ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 50 രൂപ വർധിച്ച് 14,115 രൂപയിലും, പവന് 400 രൂപ വർധിച്ച് 1,12,920 രൂപയിലുമെത്തി.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4730 ഡോളർ എന്ന നിലവാരത്തിൽ മാറ്റമില്ലാതെ തുടരുമ്പോഴും കേരളത്തിൽ വില ഉയരാൻ പ്രധാന കാരണം രൂപയുടെ റെക്കോർഡ് വീഴ്ചയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം വ്യാപാരത്തുടക്കത്തിൽ തന്നെ 19 പൈസ ഇടിഞ്ഞ് 95.50 എന്ന സർവകാല താഴ്ചയിലെത്തി.
കഴിഞ്ഞയാഴ്ച കുറിച്ച 95.43 എന്ന റെക്കോർഡ് ഇതോടെ പഴങ്കഥയായി. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധനവ് ഡോളറിന് കരുത്തുപകരുന്നു.
ക്രൂഡ് ഓയിൽ വില ഉയരുന്നത് ലോകരാജ്യങ്ങളിൽ പണപ്പെരുപ്പത്തിന് കാരണമാവുകയും, അത് ജനങ്ങളുടെ ‘കുടുംബ ബജറ്റ്’ താളം തെറ്റിക്കുകയും ചെയ്യും. പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ളവ അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകൾ ഡോളറിന് ആക്കം കൂട്ടുന്നുണ്ട്.
പ്രധാനപ്പെട്ട ആറ് കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.20% ഉയർന്ന് 98.15ൽ എത്തിനിൽക്കുന്നു.
യുഎസിന്റെ 10 വർഷ ട്രഷറി യീൽഡ് 4.41ൽ നിന്ന് 4.42 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. സാധാരണഗതിയിൽ ഡോളറും ബോണ്ട് യീൽഡും മെച്ചപ്പെടുമ്പോൾ സ്വർണവില താഴാറാണ് പതിവ്.
എന്നാൽ, വിപണിയിലെ ശക്തമായ ഡിമാൻഡും, കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവ് മുതലെടുത്തുള്ള ‘വാങ്ങൽ താൽപര്യം’ (ഡിപ്-ബയിങ്) സ്വർണത്തിന് ഗുണകരമായി. കൂടാതെ, രൂപയുടെ മൂല്യത്തകർച്ച സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് വർധിപ്പിച്ചതും വിലയെ സ്വാധീനിച്ചു.
കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച പ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ വർധിച്ച് 11,655 രൂപയായി. വെള്ളിവില ഗ്രാമിന് 15 രൂപ ഉയർന്ന് 290 രൂപയുമായി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ ഉയർത്തി 11,600 രൂപയാണ് നിശ്ചയിച്ചത്. വെള്ളിക്ക് ഇവർ നിശ്ചയിച്ച വിലയും ഗ്രാമിന് 290 രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

