അഹമ്മദാബാദ്: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് അഹമ്മദാബാദിൽ നേർക്കുനേർ ഇറങ്ങുന്നു. വൈകിട്ട് 7.30-നാണ് മത്സരം ആരംഭിക്കുന്നത്.
11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുകൾ വീതമുള്ള സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാമതും ഗുജറാത്ത് ടൈറ്റൻസ് മൂന്നാമതുമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് പ്ലേ ഓഫ് ബർത്ത് ഏതാണ്ടുറപ്പിക്കാം.
എന്നാൽ, തോൽക്കുന്ന ടീമുകൾക്ക് ചെന്നൈ സൂപ്പർ കിംഗ്സ് അടക്കമുള്ള ടീമുകളിൽ നിന്ന് കനത്ത വെല്ലുവിളി നേരിടേണ്ടി വരും. അതിനാൽ തന്നെ അഞ്ചാം സ്ഥാനത്തുള്ള ചെന്നൈയ്ക്കും ഇന്നത്തെ മത്സരഫലം നിർണായകമാണ്.
ജയത്തോടൊപ്പം മികച്ച നെറ്റ് റൺറേറ്റ് നിലനിർത്തുക എന്നതും ഇരു ടീമുകളുടെയും ലക്ഷ്യമാണ്. തുടർച്ചയായ നാല് വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ശുഭ്മൻ ഗില്ലും സംഘവും അഹമ്മദാബാദിൽ ഇറങ്ങുന്നത്.
മറുഭാഗത്ത് അവസാന ഏഴ് മത്സരങ്ങളിൽ ആറിലും ജയിച്ചാണ് ഹൈദരാബാദ് എത്തുന്നത്. ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലർ എന്നിവരിലാണ് ഗുജറാത്തിന്റെ ബാറ്റിംഗ് പ്രതീക്ഷ.
ടോപ് ഓർഡർ മികച്ച തുടക്കം നൽകിയാലും മധ്യനിരയുടെ മെല്ലെപ്പോക്ക് ടീമിന് വെല്ലുവിളിയാണ്. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ എന്നിവർ നയിക്കുന്ന പേസ് നിരയും റാഷിദ് ഖാൻ ഉൾപ്പെട്ട
സ്പിൻ വിഭാഗവും ഫോമിലായത് ടൈറ്റൻസിന് കരുത്താകും. ബാറ്റിംഗ് നിരയുടെ കരുത്തിലാണ് ഹൈദരാബാദിന്റെയും മുന്നേറ്റം.
അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവർ ഫോമിലായാൽ ഏത് ബൗളിംഗ് നിരയും പ്രതിരോധത്തിലാകും. ഈ സീസണിൽ എട്ടുതവണയാണ് ഹൈദരാബാദ് 200 റൺസിലേറെ സ്കോർ ചെയ്തത്.
നായകൻ പാറ്റ് കമ്മിൻസ് പരിക്കുഭേദമായി തിരിച്ചെത്തിയത് ബൗളിംഗ് നിരയ്ക്കും വലിയ ഊർജ്ജമാണ്. നേർക്കുനേർ കണക്കുകളിൽ ഗുജറാത്തിന് വ്യക്തമായ ആധിപത്യമുണ്ട്; നേരിട്ട
ആറ് കളികളിൽ അഞ്ചിലും ഗുജറാത്തായിരുന്നു വിജയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

