കൊച്ചി ∙ ജില്ലയിലെ 14 സീറ്റും തൂത്തുവാരിയതിന്റെ ആഹ്ലാദത്തിലാണു യുഡിഎഫ് പ്രവർത്തകർ. ആഘോഷങ്ങൾ തുടരുമ്പോൾ രണ്ടു ചോദ്യങ്ങളാണ് അവർക്കു മുന്നിൽ.
ആരാകും മുഖ്യമന്ത്രിയെന്നതുതന്നെ ആദ്യചോദ്യം. ജില്ലയുടെ പ്രതിനിധിയായ വി.ഡി.സതീശൻ ആ സ്ഥാനത്തേക്കു വരുമോയെന്ന ബില്യൻ ഡോളർ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാൻ കാത്തിരിക്കേണ്ടിവരും.
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം, യുഡിഎഫിലെ ചർച്ചകൾ, ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ‘തീരുമാനം’ തുടങ്ങി പല കടമ്പകൾ കടക്കണം ആ ഉത്തരത്തിൽ എത്താൻ!
പ്രതീക്ഷ ഇവരിൽ
രണ്ടാമത്തെ ചോദ്യം ആരൊക്കെ ജില്ലയിൽ നിന്നു മന്ത്രിമാരാകുമെന്നതു തന്നെ. യുഡിഎഫ് ‘ക്ലീൻ സ്വീപ്’ നടത്തിയ ജില്ല എന്നതു മാത്രമല്ല, എറണാകുളത്തിന്റെ മുൻതൂക്കം.
എൽഡിഎഫ് കൊടുങ്കാറ്റുകളിൽ പോലും കടപുഴകാത്ത വടവൃക്ഷമാണു യുഡിഎഫിനെ സംബന്ധിച്ചിടത്തോളം എറണാകുളം ജില്ല. സ്വാഭാവികമായും കൂടുതൽ മന്ത്രി സ്ഥാനങ്ങൾ യുഡിഎഫ് അണികൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 102 സീറ്റുകളുടെ കിടിലോൽക്കിടിലൻ ജയം നേടിയതു കൊണ്ടുതന്നെ മന്ത്രി സ്ഥാനങ്ങൾ വീതം വയ്ക്കുക എളുപ്പമാകില്ല.
എല്ലാ ജില്ലകൾക്കും പ്രാതിനിധ്യം, ഘടകകക്ഷികളുടെ താൽപര്യം, സാമുദായിക ഘടകങ്ങൾ തുടങ്ങി പരിഗണിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. എങ്കിലും, ജില്ലയിലെ പ്രവർത്തകരുടെയും നേതാക്കളുടെയും ചർച്ചകളിൽ പല പേരുകളുമുണ്ട്.
നിയമസഭയിലും പുറത്തും പിണറായി വിരുദ്ധ വികാരത്തിനു തീ പകർന്നവരിൽ പ്രമുഖനായ മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ), എറണാകുളം മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയ ടി.ജെ.വിനോദ്, കുന്നത്തുനാട് മണ്ഡലത്തിൽ വിജയിച്ച വി.പി.സജീന്ദ്രൻ എന്നിവരുടെ പേരുകളാണു കോൺഗ്രസ് പ്രവർത്തകരുടെ ചർച്ചയിൽ.
ആലുവയിൽ 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന അൻവർ സാദത്തിന്റെ പേരിലും പ്രവർത്തകർ പ്രതീക്ഷയർപ്പിക്കുന്നു. പിറവത്തു ഭൂരിപക്ഷം 40,000 കടത്തിയ അനൂപ് ജേക്കബാണു കോൺഗ്രസിനു പുറത്തു നിന്നു മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നത്.
കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ കൂടിയായ അദ്ദേഹത്തിനു മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പാണ്.
സാധ്യതകളുടെ തുലാസിൽ
ടി.ജെ.വിനോദിനും അൻവർ സാദത്തിനും സാമുദായിക പരിഗണനകൾ അനുകൂലമാകുമോ പ്രതികൂലമാകുമോ എന്നു പറയുക പ്രയാസം. കോവളത്തു വിജയിച്ച എം.വിൻസന്റിന്റെ സീനിയോറിറ്റിയും ആർഎസ്പി സംസ്ഥാന സെക്രട്ടറി കൂടിയായ ഷിബു ബേബി ജോണിനു മന്ത്രി സ്ഥാനം ലഭിക്കുമെന്നതു കൂടി പരിഗണിച്ചാകും വിനോദിന്റെ സാധ്യത.
മുസ്ലിം ലീഗിന്റെ മന്ത്രി സ്ഥാനങ്ങളുടെ എണ്ണം കണക്കിലെടുത്തു മാത്രമേ അൻവർ സാദത്തിന്റെ സാധ്യത പരിഗണിക്കാനിടയുള്ളൂ. വണ്ടൂരിൽ ജയിച്ച മുൻ മന്ത്രി എ.പി.അനിൽകുമാറിന്റെ സാധ്യതകളുമായി കൂടി ബന്ധപ്പെട്ടാണു സജീന്ദ്രന്റെ സാധ്യതകൾ.
ഇരുവരും ഒരുമിച്ചു മന്ത്രിസഭയിലെത്താൻ സാധ്യത കുറവ്. ഭൂരിപക്ഷക്കണക്കിൽ ജില്ലയിൽ ഒന്നും സംസ്ഥാനതലത്തിൽ ഒൻപതും സ്ഥാനം നേടിയ ഉമ തോമസ് (തൃക്കാക്കര) പരിഗണിക്കപ്പെടുമോയെന്നറിയില്ല.
പാർട്ടിയിൽ കൂടുതൽ പ്രവർത്തന പരിചയമുള്ള ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും പേരുകളും പരിഗണിക്കേണ്ടതുണ്ട്.
മൂവാറ്റുപുഴയിൽ വി.ഡി. സതീശനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡ്
കൊച്ചി ∙ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കോൺഗ്രസിലെ മത്സരം കടുക്കുമ്പോൾ വി.ഡി.സതീശനെ പിന്തുണച്ചു മൂവാറ്റുപുഴയിൽ ഫ്ലെക്സ് ബോർഡ് ഉയർന്നു.
കെ.സി.വേണുഗോപാലിനു വേണ്ടി ബോർഡ് സ്ഥാപിച്ചതു കൊച്ചിയിൽ. രമേശ് ചെന്നിത്തലയ്ക്കും സതീശനും വേണ്ടി നേരത്തെ തന്നെ പോസ്റ്റർ – ബാനറുകൾ പ്രത്യക്ഷപ്പെടിരുന്നെങ്കിലും വേണുഗോപാലിനു വേണ്ടി ബോർഡ് എത്തിയത് ഇപ്പോഴാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

