കൊല്ലം ∙ ജില്ലയിൽ ആഞ്ഞടിച്ച യുഡിഎഫ് സൂനാമിയിൽ ലക്ഷത്തിലേറെ വോട്ടുകൾ ഒലിച്ചു പോയതിന്റെ ഞെട്ടലിൽ സിപിഎമ്മും എൽഡിഎഫും. ചാത്തന്നൂർ പിടിച്ചെങ്കിലും കഴിഞ്ഞ ലോക്സഭാ– തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം ആവർത്തിക്കാനായില്ലെന്ന ആശങ്കയിൽ ബിജെപിയും എൻഡിഎയും.
10 മണ്ഡലങ്ങളിലും വോട്ട് കൂടിയെങ്കിലും പഴുതുകൾ അടച്ചിരുന്നെങ്കിൽ 2 സീറ്റുകളിൽ കൂടി വിജയിക്കാമായിരുന്നുവെന്ന തിരിച്ചറിവിൽ കോൺഗ്രസും യുഡിഎഫും.
ജില്ലയിൽ ഒരു മണ്ഡലത്തിൽപ്പോലും വോട്ട് വിഹിതം കൂട്ടാനായില്ലെന്ന തിരിച്ചറിവിന്റെ ഞെട്ടലിലാണ് എൽഡിഎഫ് നേതൃത്വം. 11 മണ്ഡലങ്ങളിലായി ലക്ഷത്തിലേറെ വോട്ടുകൾ മുന്നണിക്കു നഷ്ടമായി.
പാർട്ടിക്കാകെ നേടാനായ കൊട്ടാരക്കരയിലാകട്ടെ ലഭിച്ചത് വളരെ നേരിയ ഭൂരിപക്ഷം. കുണ്ടറ, ഇരവിപുരം, കൊല്ലം മണ്ഡലങ്ങളിൽ കനത്ത തോൽവിയാണു സിപിഎം നേരിട്ടത്.
കുണ്ടറയിൽ കോൺഗ്രസിലെ പി.സി വിഷ്ണുനാഥിനു ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടി. സിപിഎമ്മിന്റെ വോട്ടുബാങ്കുകളിൽ കാര്യമായ വിള്ളലുണ്ടാക്കാൻ വിഷ്ണുനാഥിനു കഴിഞ്ഞെന്നു വ്യക്തം.
സിപിഎം ലീഡ് ചെയ്യുമെന്നു കരുതിയിരുന്ന നെടുമ്പന, തൃക്കോവിൽവട്ടം ഗ്രാമപ്പഞ്ചായത്തുകളിലായി 15000 വോട്ടുകൾക്കു പിന്നിൽപ്പോയതു അസാധാരണം.
പാർട്ടി വോട്ട് ചോർന്നോ എന്ന സംശയം ശക്തം. കുണ്ടറ, പേരയം ഗ്രാമപ്പഞ്ചായത്തുകളിൽ വലിയ മാർജിനു പിന്നിൽപ്പോയതും തോൽവിയുടെ ആഴം കൂട്ടി.
വോട്ടെടുപ്പിനു ദിവസങ്ങൾക്കു മുൻപ് ചില പാർട്ടി നേതാക്കൾ നടത്തിയ കമന്റുകളും വോട്ടിനെ സ്വാധീനിച്ചിട്ടുണ്ടാകാം.
ഇരവിപുരം ഉറപ്പാണെന്നു സിപിഎം കണക്കെഴുതിയതാണ്. പക്ഷേ, പാർട്ടിയുടെ വോട്ടുപെട്ടിയിലെ ചോർച്ചയും സ്ഥാനാർഥിയോടുള്ള എതിർ മനോഭാവവും യുഡിഎഫ് തരംഗവും കൂടിയായപ്പോൾ പ്രതീക്ഷകളറ്റു.
കഴിഞ്ഞ 2 തവണയും നൗഷാദിനെ തുണച്ച വോട്ടുബാങ്ക് ഇക്കുറി കൂടെയുണ്ടായില്ല. കൊല്ലത്തു കനത്ത തരംഗത്തിനിടയിലും കാര്യമായ ആഘാതം പാർട്ടിക്കുണ്ടായില്ലെന്നാണു വിലയിരുത്തൽ.
ബിജെപി പ്രതീക്ഷിച്ചത്ര വോട്ടു പിടിച്ചതുമില്ല. കോർപറേഷൻ തിരഞ്ഞെടുപ്പിൽ നിലവിലുണ്ടായിരുന്ന സ്ഥിതി ആവർത്തിച്ചതോടെ സിപിഎമ്മിന്റെ പ്രതീക്ഷകളറ്റു.
കൊട്ടാരക്കരയിൽ കെ.എൻ ബാലഗോപാലിന്റെ ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞതു പാർട്ടിക്കു ക്ഷീണമായെങ്കിലും യുഡിഎഫ് തരംഗത്തിൽ പിടിച്ചു നിൽക്കാനായി എന്നാശ്വസിക്കാം.
ചവറയിലേതു പാർട്ടി പ്രതീക്ഷിച്ച തോൽവി തന്നെ. ഇവിടെ ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ ഏകീകരിക്കപ്പെട്ടു.
4 സീറ്റിൽ മത്സരിച്ച സിപിഐ പുനലൂരിൽ സീറ്റ് നിലനിർത്തിയെങ്കിലും കഴിഞ്ഞ തവണ പി.എസ് സുപാൽ േനടിയ 37057 വോട്ടിന്റെ ഭൂരിപക്ഷം 21,529 ആയി കുറഞ്ഞു.
വോട്ട് വിഹിതത്തിലും ഇടിവുണ്ടായി. ചടയമംഗലം, ചാത്തന്നൂർ എന്നിവിടങ്ങളിലെ വൻ തോൽവിക്കു കാരണം തരംഗം മാത്രമാണെന്നു പറയാനാവില്ല.
പാർട്ടിയിലെ ഉൾപ്പോരും കാരണമാണ്. ചാത്തന്നൂരിൽ ജയലാലിനു ലഭിച്ചിരുന്ന വോട്ടുബാങ്കുകൾ ആകർഷിക്കാൻ ആർ.രാജേന്ദ്രനായില്ല.
ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കാരണമായി എന്ന വലിയ പഴിയും ഇനി സിപിഐ പേറണം.
ചടയമംഗലത്തു തോൽവിക്കു പിന്നിലും തരംഗമാണെങ്കിലും പാർട്ടിയിലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു പോകാൻ കാരണമായ രൂക്ഷമായ വിഭാഗീയത വോട്ടുചോർച്ചയുണ്ടാക്കിയെന്നു വേണം കരുതാൻ. കരുനാഗപ്പള്ളിയിൽ 2021നെ അപേക്ഷിച്ച് 9000 ലേറെ വോട്ടുകൾ സിപിഐയ്ക്കു നഷ്ടമായി.
ബിജെപി കൂടുതൽ പിടിച്ച വോട്ടുകൾ ഇടതു–വലതു മുന്നണികളിൽ നിന്നാണ്. പുനലൂരിലും ചാത്തന്നൂരിലും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കണമെന്ന മണ്ഡലം കമ്മിറ്റികളുടെയും ജില്ലാ കൗൺസിലിന്റെയും നിർദേശം തള്ളിക്കളഞ്ഞ സംസ്ഥാന നേതൃത്വം അതിനും മറുപടി പറയേണ്ടി വരും.
ബിജെപി ഇക്കുറി ചാത്തന്നൂർ പിടിക്കുക മാത്രമല്ല, ആറു മണ്ഡലങ്ങളിൽ കൂടുതൽ വോട്ടു പിടിക്കുകയും ചെയ്തു.
അഞ്ചിടത്തു വോട്ടു കുറഞ്ഞു. വൻ തരംഗം ഉണ്ടായിട്ടും ചാത്തന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥി സൂരജ് രവിക്കു കൂടുതൽ നേടാനായത് 2021നെ അപേക്ഷിച്ച് 996 വോട്ട് മാത്രമാണ്.
ബിജെപിയാകട്ടെ, യുഡിഎഫ് വോട്ടുബാങ്കിൽ ഇടിച്ചു കയറി. ചാത്തന്നൂരിലും കൊട്ടാരക്കരയിലും പാർട്ടി നേതൃത്വം കുറേക്കൂടി ജാഗ്രത കാണിച്ചിരുന്നുവെങ്കിൽ തരംഗത്തിന്റെ ആനുകൂല്യത്തിൽ വിജയം ഉറപ്പാക്കാമായിരുന്നുവെന്നാണു വിലയിരുത്തൽ.
ചാത്തന്നൂരിൽ ‘പതിവ് വോട്ടുമറിക്കൽക്കാരെ’ നിരീക്ഷിച്ചു നിയന്ത്രിക്കാനായില്ല. കൊട്ടാരക്കരയിൽ ആർ.
രശ്മി പാർട്ടി വിട്ടുപോകുന്നതു തടയാനുമായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

