കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുള്ളത്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായിരിക്കുന്നത്.
മോശം കാലാവസ്ഥയും കടലാക്രമണ സാധ്യതയും കണക്കിലെടുത്ത് കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്ന പശ്ചാത്തലത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.
റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു വരുന്നു. മഴ ശക്തമായി തുടരുന്നതിനാൽ മൂഴിയാർ ഡാം ഏതു നിമിഷവും തുറന്നേക്കുമെന്ന് അധികൃതർ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി.
വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് മുന്നറിയിപ്പ് ലെവലായ 190 മീറ്ററിൽ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 192.63 മീറ്ററിലേക്ക് എത്തുമ്പോൾ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും.
ഡാം തുറക്കുന്ന സാഹചര്യത്തിൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒരു കാരണവശാലും ആരും നദിയിലിറങ്ങാൻ പാടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

