കണ്ണൂർ ∙ തെറ്റുപറ്റിയതു നേതൃത്വത്തിനാണെന്ന് ഉറച്ചുവിശ്വസിച്ച് പാർട്ടിക്കെതിരെ വോട്ടുചെയ്ത അണികളെ എങ്ങനെ തിരികെയെത്തിക്കുമെന്നു തലപുകയ്ക്കുകയാണു സിപിഎം. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയമുൾപ്പെടെയുള്ള പാളിച്ചകൾക്കു സിപിഎമ്മിന് കേരളത്തിലാകെ വലിയ വിലനൽകേണ്ടി വന്നു.
ഭരണതലപ്പത്തുണ്ടായിരുന്നവരും പാർട്ടി നേതൃത്വവുമാണ് ഇതിനു കാരണക്കാരെന്നു രോഷംകൊള്ളുകയാണ് പാർട്ടിബന്ധുക്കൾ. തിരുത്തേണ്ടത് നേതൃത്വമോ അണികളോയെന്ന വലിയ ചോദ്യമാണ് സിപിഎമ്മിനു മുന്നിലുള്ളത്.
തെറ്റ് ഏറ്റുപറഞ്ഞ് പരിഹരിക്കാൻ തയാറായില്ലെങ്കിൽ കൂടെ ജനങ്ങളുണ്ടാകില്ലെന്ന് ഓർമപ്പെടുത്തുന്നതാണ് ഇടത് അനുകൂലികളുടെ പ്രതികരണം. അധികാരത്തിന്റെയും സംഘടനയുടെയും ഗുണഭോക്താക്കളായി ജനങ്ങളെ മറന്ന നേതാക്കളോടാണ് പ്രതിഷേധം.
സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മാറണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളിൽ പ്രതിഷേധത്തിന്റെ ആഴമളക്കാം. 9 വർഷം മുൻപ് ഉടലെടുത്ത ഫണ്ട് വിവാദത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ സംഭവിച്ച പാളിച്ചയാണ് പയ്യന്നൂരിലെ തകർച്ചയ്ക്കു കാരണം. ധനരാജ് രക്തസാക്ഷി ഫണ്ടിലടക്കം വെട്ടിപ്പുനടന്നെന്ന് കണക്കുകൾ സഹിതം തെളിവുനൽകിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
പണാപഹരണത്തെ കണക്കു സൂക്ഷിക്കുന്നതിലെ വീഴ്ച മാത്രമായിക്കണ്ട്, പേരിനു നടപടിയെടുത്ത് ആരോപണ വിധേയരെ സംരക്ഷിച്ചതാണ് അണികളെ ചൊടിപ്പിച്ചത്. വിരലിലെണ്ണാവുന്ന നേതാക്കളെ സംരക്ഷിക്കാൻ പാർട്ടിയെ ബലികൊടുത്തു. ടി.ഐ.മധുസൂദനനെതിരെ വി.കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച പരാതി ലാഘവത്തോടെ കൈകാര്യം ചെയ്ത നേതൃത്വത്തിനു പിഴച്ചു.
ആ പിഴവ് നേതൃത്വം ഇതുവരെ സമ്മതിച്ചിട്ടില്ല. ആരോപണ വിധേയനായ മധുസൂദനനെ വീണ്ടും സ്ഥാനാർഥിയാക്കിയപ്പോൾ ജനം തിരിച്ചടിച്ചു.
നേതാക്കൾ പറയുന്നതെന്തും കണ്ണടച്ചു വിശ്വസിക്കുന്ന കാലം കഴിഞ്ഞെന്ന് അണികൾ ഓർമപ്പെടുത്തി. ആരോപണവിധേയരെ സംരക്ഷിച്ചത് തെറ്റായിപ്പോയെന്ന് നേതൃത്വം സമ്മതിക്കുമോ, അതോ അണികൾ തെറ്റിദ്ധരിച്ചതാണെന്നു പറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമം തുടരുമോയെന്നാണ് അറിയാനുള്ളത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിയുന്ന സീറ്റിൽ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിലെ അനൗചിത്യം അണികൾ ചോദ്യം ചെയ്തതാണ് തളിപ്പറമ്പിൽ കണ്ടത്.
ശ്യാമളയെ മത്സരിപ്പിക്കാൻ എം.വി.ഗോവിന്ദൻ ബോധപൂർവം ശ്രമിച്ചെന്ന് ആരോപിച്ച് പാർട്ടിവിട്ട ടി.കെ.ഗോവിന്ദന്റെ വെളിപ്പെടുത്തലിനൊപ്പം അണികൾ നിന്നു.
അണികൾക്കുമേൽ എന്തും അടിച്ചേൽപിക്കാമെന്ന നേതൃത്വത്തിന്റെ ധാർഷ്ട്യമാണ് പരാജയ കാരണമായി അണികൾ ചൂണ്ടിക്കാട്ടുന്നത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയത്തിന്റെ യഥാർഥ കാരണം അണികളുടെ വികാരം മാനിക്കാതെ എടുത്ത തീരുമാനങ്ങളാണെന്ന് നേതൃത്വത്തിന് അറിയാമെങ്കിലും അതു പരസ്യമായി ഏറ്റുപറയുമോയെന്നാണ് അറിയേണ്ടത്.
അതില്ലാത്തിടത്തോളം തെറ്റുതിരുത്തൽ ഫലവത്താകില്ലെന്നും തിരുത്തൽ വേണ്ടത് മുകൾത്തട്ടിലാണെന്നും അണികൾ പരസ്യമായി പ്രതികരിച്ചുതുടങ്ങി. വോട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തോളം വർധിച്ചിട്ടും കണ്ണൂർ ജില്ലയിൽ 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ 1.11 ലക്ഷം വോട്ടുകളാണ് എൽഡിഎഫിനു നഷ്ടപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

