കൊച്ചി ∙ പെട്ടി പെട്ടി ബാലറ്റ് പെട്ടി, പെട്ടി തുറന്നപ്പോൾ…. ആരു ജയിച്ചാലും തോറ്റാലും ഈ വരികൾ മാത്രം പാടുന്ന കാലം കഴിഞ്ഞു.
സിനിമ പാരഡികളും പുത്തൻ പാട്ടുകളുമായി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു തിരഞ്ഞെടുപ്പ് വിജയാഹ്ലാദ ഗാനങ്ങൾ. മുന്നണികളുടെ വിജയ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഇനി പുറത്തുവരാനിരിക്കുന്നത് ഓരോ സ്ഥാനാർഥികളുടെയും ‘എക്സ്ക്ലുസീവ്’ ആഘോഷപ്പാട്ടുകളാണ്.
ഇക്കുറി പ്രചാരണ ഗാനങ്ങളൊരുക്കാൻ അധികം സമയം കിട്ടാത്തതിനാൽ പാർട്ടികൾ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട് വിജയഗാനങ്ങൾക്ക്. ആഴ്ചകൾ മുന്നേ തന്നെ പാട്ടുകളൊരുക്കാനുള്ള ഓർഡറുകൾ ലഭിച്ചു തുടങ്ങിയെന്ന് കാൽനൂറ്റാണ്ടായി തിരഞ്ഞെടുപ്പ് ഗാനമേഖലയിൽ സജീവമായ അബ്ദുൽ ഖാദർ കാക്കനാട് പറയുന്നു.
വിജയസാധ്യതയുള്ള സ്ഥാനാർഥികൾക്കായി പാട്ട് ഒരുക്കുന്നത് എല്ലാ തിരഞ്ഞെടുപ്പിലും പതിവാണ്. എങ്കിലും ബാലറ്റ് പെട്ടിയിലെ വോട്ട് തൂക്കുന്നവരാരോ അവരുടെ ഗാനമായിരിക്കും പുറത്തു വിടുക.
പെട്ടിയിലിരിക്കാനാണ് തോറ്റ സ്ഥാനാർഥിയുടെ പാട്ടിന്റെ വിധി.
വിജയം ഉറപ്പാക്കിയതിനു ശേഷം മാത്രം പാട്ടന്വേഷിച്ചിട്ട് കാര്യമില്ലലോ. അതുകൊണ്ടു തന്നെ വിജയഗാനങ്ങളുടെ കാര്യത്തിൽ അൽപം ‘റിസ്ക്’ എടുക്കാറുണ്ട് പാർട്ടികൾ.
പാട്ടുകൾ മുൻകൂട്ടി തയാറാക്കി വയ്ക്കുന്നതിനൊപ്പം പൈസയും മുൻകൂറായി തന്നെ വാങ്ങും പാട്ടൊരുക്കുന്നവർ. അവർക്കും ഇക്കാര്യത്തിൽ ‘റിസ്ക്’ എടുക്കാൻ പറ്റില്ലലോ.
മുന്നണികൾക്കും സ്ഥാനാർഥികൾക്കുമായി തയാറാക്കുന്ന ‘ഫ്രഷ്’ പാട്ടുകൾക്ക് കംപോസിങ് ഉൾപ്പെടെ 40,000 രൂപയോളം ചെലവു വരാറുണ്ട്. പാരഡി പാട്ടുകളാണെങ്കിൽ ചെലവ് കുറയും.
ഏകദേശം 7,000 രൂപയോളമാണ് പാരഡി പാട്ടുകളുടെ ചെലവ്. പൈസ കുറവായതിനാൽ തന്നെ കൂടുതൽ പേർക്കും പാരഡി പാട്ടിനോടാണ് പ്രിയം.
പാരഡി പാട്ടുകളിലെ പുതിയ താരങ്ങളാണ് വാഴ 2ലെയും ആട് 3യിലെ പാട്ടുകൾ.
എക്കാലത്തെയും എവർഗ്രീൻ അടിച്ചുപൊളി പാട്ടുകളുടെ പാരഡിയും പതിവുപോലെ ഇക്കുറിയും കേൾക്കാം. വേഗപ്പാട്ടുകളാണ് പാർട്ടികൾക്കു വേണ്ടതെന്ന് അബ്ദുൽ ഖാദർ പറയുന്നു.
പാട്ടു കേട്ടാൽ അണികളുടെ കാലുകൾ അവരറിയാതെ തന്നെ തുള്ളിതുടങ്ങണം. മാപ്പിളപ്പാട്ടുകൾക്കും ആരാധകരേറെ.
ആളുകൾക്കു പെട്ടെന്നു മനസിലാക്കാൻ സാധിക്കുന്ന പാടിമറന്ന പാട്ടുകളും ഉൾപ്പെടുത്തും. ആയുസൊട്ടുമില്ലലോ ഈ പാട്ടുകൾക്ക്.
അതിനാൽ പെട്ടെന്ന് ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയണമെന്നതാണ് ഡിമാൻഡ്.
പാട്ടിന്റെ ആശയം എന്തായിരിക്കണമെന്നതിൽ നല്ല ധാരണയുണ്ട് പാർട്ടികൾക്ക്. എതിർ കക്ഷികളുടെ പോരായ്മകളും തങ്ങളുടെ മേന്മകളുമാണ് സ്ഥിരം ചേരുവകൾ.
അത്രയധികം ആത്മവിശ്വസമുള്ള സ്ഥാനാർഥികൾ മാത്രമാണ് വിജയിക്കും മുൻപേ പാട്ടുകൾ പുറത്തുവിടുകയുള്ളു. പാട്ടിറക്കിയതിനു ശേഷം തോൽവി സംഭവിച്ചാൽ അതൊരു ട്രോളാവാൻ സാധ്യതയേറെയാണ്.
അങ്ങനെ സംഭവിച്ച ചരിത്രവുമുണ്ട്.
എക്സിറ്റ് പോളുകൾ വന്നതോടെ പണിതിരക്കിലാണ് പാട്ടുസംഘങ്ങൾ. തിങ്കളാഴ്ച രാവിലെ വരെ പാട്ടുകൾ അന്വേഷിച്ച് വിളിയെത്തുമെന്ന് ഇവർ പറയുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കൂടുതൽ ഗാനങ്ങളുടെ വർക്കും പിആർ ഏജൻസികൾ വഴിയാണ് ലഭിക്കുന്നത്. എന്തായാലും ആരുടെയൊക്കെ പാട്ടുകൾ വെളിച്ചം കാണുമെന്നും ഏതെല്ലാം പാട്ടുകൾ പെട്ടിയിലിരിക്കുമെന്നും കാത്തിരുന്ന് തന്നെ കാണണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

