ചവറ ∙ ഉറങ്ങാൻ പോകുന്നതിനിടെ പുതപ്പിനുള്ളിലിരുന്ന അണലിയുടെ കടിയേറ്റ കാഴ്ചശക്തിയില്ലാത്തയാൾ മരിച്ചു. മൺറോത്തുരുത്ത് വില്യമംഗലം വട്ടത്തറ പടിഞ്ഞാറ്റതിൽ കെ.രാജേന്ദ്രൻ (64) ആണ് മരിച്ചത്.
കടിയേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരണം.
തേവലക്കര അരിനല്ലൂരിൽ മകളുടെ വീടായ ശ്രീമുരുകൻ നിവാസിൽ 24ന് രാത്രി 9.30 ന് ആണ് രാജേന്ദ്രനു പാമ്പുകടിയേറ്റത്. ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഒന്നിന് പുലർച്ചെ മരിച്ചു.
കിടപ്പു മുറിക്കു സമീപത്തെ ഹാളിലാണ് രാജേന്ദ്രൻ രാത്രിയിൽ പതിവായി വിശ്രമിക്കാറുള്ളത്. സംഭവദിവസം അത്താഴം കഴിഞ്ഞ് വിശ്രമിച്ച ശേഷം കട്ടിലിന്റെ പടിയിൽ കിടന്ന പുതപ്പെടുത്തു കിടപ്പു മുറിയിലേക്ക് ഉറങ്ങാൻ പോകുന്നതിനിടെയാണ് പുതപ്പിൽ കയറിപ്പറ്റിയ അണലി കയ്യിൽ കടിച്ചത്.
എന്തോ കടിച്ചു എന്ന് പറഞ്ഞ് രാജേന്ദ്രൻ പുതപ്പ് താഴെ ഇട്ടു. വിളി കേട്ട് മകളും മരുമകനും ഓടിയെത്തി പരിശോധിച്ചപ്പോൾ പുതപ്പിൽ അണലിയെ കണ്ടെത്തുകയായിരുന്നു.
മൊബൈൽ വെളിച്ചത്തിലാണ് പരിശോധന നടത്തി പാമ്പിനെ കണ്ടെത്തിയത്. ഭാര്യ ഗീത മരിച്ചതോടെ മൺറോത്തുരുത്തിലെ വീട്ടിലായിരുന്നു രാജേന്ദ്രന്റെ താമസം.
തൊഴിലുറപ്പ് തൊഴിലാളിയായ ഇദ്ദേഹത്തിനു 2 വർഷം മുൻപ് കാഴ്ച പൂർണമായി നഷ്ടപ്പെട്ടതോടെ മകൾ വിനീതയുടെ അരിനല്ലൂരിലെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
ഇതിനിടെ ശസ്ത്രക്രിയ ചെയ്ത് ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. സംസ്കാരം നടത്തി.
മക്കൾ: വിജിത, വിനീത. മരുമക്കൾ: ശിവകുമാർ, അനിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

