കൊച്ചി ∙ വാണിജ്യ പാചകവാതക സിലിണ്ടർ വില വൻതോതിൽ വർധിപ്പിച്ചത് ഭക്ഷ്യവിപണിയിൽ വിലക്കയറ്റത്തിനും മേഖലയിൽ തൊഴിൽനഷ്ടത്തിനും ഇടയാക്കുമെന്ന് ആശങ്ക. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്നു ഹോർമുസ് കടലിടുക്കു വഴിയുള്ള ക്രൂഡ് ഓയിൽ നീക്കം സ്തംഭിച്ചതിനു തൊട്ടുപിന്നാലെ രാജ്യത്തു വാണിജ്യ പാചകവാതക വിതരണത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ലഭ്യതക്കുറവ് ഏറ്റവും രൂക്ഷമായി ബാധിച്ച ഹോട്ടലുകൾ വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയും അൽപം വില കൂട്ടിയും സമാന്തരമായി വിറക് ഉപയോഗിച്ചുമൊക്കെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് എണ്ണക്കമ്പനികളുടെ ‘വിലബോംബ്’ ഇടൽ. നേരത്തേ, വാണിജ്യ എൽപിജി വിതരണം വൈകുകയും മുടങ്ങുകയും ചെയ്തതോടെ ഒട്ടേറെ ചെറുകിട, ഇടത്തരം ഹോട്ടലുകൾ പൂട്ടിയിരുന്നു.
ഒട്ടേറെപ്പേർക്കു തൊഴിൽ നഷ്ടമായി. ഇതിനു പുറമേ, രണ്ടു വട്ടം സിലിണ്ടർ വില കൂട്ടുകയും ചെയ്തു.
അതിനു പിന്നാലെയാണ് വൻതോതിൽ വില വീണ്ടും വർധിപ്പിച്ചത്.
ചെറുകിട, ഇടത്തരം ഹോട്ടൽ സംരംഭകർക്കും ബേക്കർമാർക്കും തട്ടുകടക്കാർക്കും സിലിണ്ടർ വാങ്ങുന്നത് ഇനി വൻ ബാധ്യതയാകും. ജനകീയ ഹോട്ടലുകൾ, ഹോസ്റ്റലുകൾ, പൊതു കന്റീനുകൾ എന്നിവയുടെ പ്രവർത്തനവും മുടങ്ങുമെന്നാണ് ആശങ്ക.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാനായി പോയ അതിഥിത്തൊഴിലാളികൾ മടങ്ങിയെത്താത്തതിന്റെ ക്ഷീണത്തിനിടെയാണു ഹോട്ടൽ മേഖലയ്ക്കു കനത്ത ഇരുട്ടടി.
ഭക്ഷണവില വർധിക്കുന്നതു ഹോട്ടലുകളെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ ദൈനംദിന ചെലവു ഗണ്യമായി ഉയർത്തും. നഗരമേഖലകളിൽ ജോലി, വിദ്യാഭ്യാസ കാര്യങ്ങൾക്കായി ഒറ്റയ്ക്കും സംഘമായും താമസിക്കുന്നവരെയാണു കൂടുതലും ബാധിക്കുക.
സിലിണ്ടറിനു സബ്സിഡി വേണം: ബേക്കേഴ്സ് അസോസിയേഷൻ
ചെറുകിട
മേഖലയ്ക്ക് വാണിജ്യ സിലിണ്ടറിനു സബ്സിഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര പെട്രോളിയം മന്ത്രിക്കു ബേക്കേഴ്സ് അസോസിയേഷൻ കേരള നിവേദനം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഇതേ ആവശ്യം ഉന്നയിച്ചു.
ആഗോള എണ്ണ വില ബാരലിനു 125 ഡോളർ പിന്നിട്ടതും രൂപയുടെ മൂല്യം മോശം നിലവാരത്തിൽ തുടരുന്നതുമാണു വാണിജ്യ സിലിണ്ടർ വില ഗണ്യമായി വർധിപ്പിക്കാൻ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചതെന്നാണു സൂചന.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുമ്പോഴും രാജ്യത്തു പെട്രോൾ, ഡീസൽ വില ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. വൻ നഷ്ടം സഹിച്ച് ഇന്ധന വിൽപന നടത്തേണ്ടിവരുന്ന സാഹചര്യത്തിലാണു വാണിജ്യ സിലിണ്ടറിനു വില കൂട്ടുന്നതെന്ന നിലപാടിലാണ് എണ്ണക്കമ്പനികൾ.
ഇറാൻ യുദ്ധം അവസാനിച്ചാൽപോലും ക്രൂഡ് വില പെട്ടെന്നു കുറയാൻ സാധ്യതയില്ല.
യുദ്ധത്തിൽ ഗൾഫ് മേഖലയിലെ റിഫൈനറികൾക്കും ക്രൂഡ് ഉൽപാദന സംവിധാനങ്ങൾക്കും നാശമുണ്ടായിട്ടുണ്ട്. സ്ഥിതി സാധാരണനിലയിലാകാൻ വർഷങ്ങളെടുത്തേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

