മുളങ്കുന്നത്തുകാവ് ∙ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭവാനി (65) ആശുപത്രി വിട്ടു. കുണ്ടന്നൂർ പന്തങ്ങത്തു വീട്ടിൽ വിഷ്ണുവാണ് (30) ചികിത്സയിൽ അവശേഷിക്കുന്നത്.
30% പൊള്ളൽ ഉള്ളതിനാൽ കുറച്ചു ദിവസം കൂടി ചികിത്സയിൽ തുടരേണ്ടിവരും. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മൃതദേഹങ്ങൾ കൈമാറി
മുളങ്കുന്നത്തുകാവ് ∙ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങൾ കൂടി ബന്ധുക്കൾക്ക് കൈമാറി.
കോട്ടപ്പുറം പള്ളത്ത് കരിമാലി മോഹനന്റെ മകൻ ഗിരീഷ് (42), കോട്ടപ്പുറം കാമത്ത് ലൈൻ അരങ്ങത്ത് ബാബുമോന്റെ മകൻ അഭിജിത്ത് (28) എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തത്. ഇവരെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഡിഎൻഎ ഫലം വരുന്നതു വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
കിണറുകളിൽ ക്ലോറിനേഷൻ നടത്തി
മുണ്ടത്തിക്കോട് ∙ വെടിക്കെട്ട് പുര ദുരന്തമുണ്ടായ പ്രദേശത്തെ കിണറുകൾ ആരോഗ്യ പ്രവർത്തകർ ക്ലോറിനേഷൻ നടത്തി ശുചിയാക്കി.
സ്ഫോടനത്തെ തുടർന്ന് വെടിമരുന്നും മറ്റ് അവശിഷ്ടങ്ങളും വെള്ളത്തിൽ കലരുമെന്ന പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനാണു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ചില വീട്ടുകാർ ചേറും മണ്ണും നീക്കം ചെയ്ത ശേഷം ക്ലോറിനേഷൻ നടത്തിയാൽ മതിയെന്ന് അധികൃതരെ അറിയിച്ചു.
ദുരന്തത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ കണക്കെടുപ്പും തുടങ്ങി. റവന്യു വകുപ്പ് അധികൃതർ വടക്കാഞ്ചേരി നഗരസഭയുടെ സഹകരണത്തോടെയാണ് കണക്കെടുപ്പ് ആരംഭിച്ചത്.
വേലൂർ പഞ്ചായത്തിലെ കുട്ടംകുളം പ്രദേശത്തെയും നഗരസഭയിലെ മുണ്ടത്തിക്കോട് പ്രദേശത്തെ 3 ഡിവിഷനുകളിലെയും വീടുകൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് നഷ്ടപരിഹാരം അനുവദിക്കുന്നതിന്റെ മുന്നോടിയായാണ് പരിശോധനകൾ നടത്തുന്നത്.
320 വീടുകൾക്ക് ചെറുതും വലുതുമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

