പാറശാല∙ കേരളത്തിൽ നിന്നുളള ഭാരവാഹനങ്ങൾക്ക് കന്യാകുമാരി ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായി. കേരളത്തിലേക്കുളള ഭാരവാഹനങ്ങൾ കന്യാകുമാരി ജില്ലയിൽ വ്യാപകമായ അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 10 മുതൽ ഇത്തരം വാഹനങ്ങൾ കന്യാകുമാരി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ജില്ലാകലക്ടർ ഉത്തരവിറക്കിയത്.
കാരോട്– നാഗർകോവിൽ ബൈപ്പാസിന്റെ നിർമാണം പൂർത്തിയാകുമ്പോൾ ആ റോഡ് വഴി ലോറികൾക്ക് പ്രവേശനം അനുവദിക്കുമെന്നാണ് ഉത്തരവിലുളളത്.
കാരോട്– നാഗർകോവിൽ ബൈപ്പാസ് നിർമാണം ജൂലൈയോടെ പൂർത്തിയാവുമെന്നാണ് ദേശീയപാത വിഭാഗം നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഇനിയും ആറു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് സ്ഥിതി. കന്യാകുമാരി ജില്ലയും കഴിഞ്ഞ് വളളിയൂർ, തിരുനെൽവേലി, തുടങ്ങിയയിടങ്ങളിൽ നിന്നാണ് തിരുവനന്തപുരം ജില്ലയിലേക്ക് ആവശ്യമായ നിർമാണ സാമഗ്രികൾ എത്തിച്ചിരുന്നത്.
വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം– കന്യാകുമാരി റെയിൽപ്പാത ഇരട്ടിക്കൽ, ലോറികൾ വരാതായതോടെ നിർമാണ മേഖല പ്രതിസന്ധിയിലായി. ഭാരവാഹനങ്ങളിലേറെയും സംസ്ഥാന അതിർത്തിയിലും മറ്റുമുളള യാർഡുകളിൽ നിർത്തിയിട്ടിരിക്കുകയാണ്.
ഏതാനും ചില വാഹനങ്ങൾ ആര്യങ്കാവ്, ചെങ്കോട്ട
വഴി ലോഡ് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും നേരത്തേയുണ്ടായിരുന്നതിന്റെ പത്തു ശതമാനം പോലും ലഭ്യമാകുന്നില്ല. ദൂരക്കൂടുതലാണ് പ്രശ്നം.
കന്യാകുമാരി ജില്ല വഴി പോയി മടങ്ങാൻ 150–200 കിലോമീറ്റർ വേണ്ടി വരുന്ന സ്ഥാനത്ത് ചെങ്കോട്ട വഴിയാണെങ്കിൽ ഇരട്ടിയിലേറെ ദൂരമുണ്ട്.
അതു കൊണ്ടു തന്നെ ഇവയുടെ വില വൻതോതിൽ ഉയർന്നു.
പാറ, മെറ്റൽ, എംസാൻഡ് എന്നിവ കിട്ടാതായതോടെ ആര്യങ്കാവ്, ചെങ്കോട്ട വഴി കൊണ്ടു വരുന്നവയ്ക്ക് തീപിടിച്ച വിലയാണ്.
നേരത്തേ ഒരു ടൺ മെറ്റലിന് 1200 രൂപയായിരുന്നത്. ഇപ്പോൾ 1700 വരെയായി.
എംസാൻഡിന് 1350 ആയിരുന്നത് 1800 വരെയായി. ലോറികളിൽ 33 ടൺ വരെയാണ് ഭാര ശേഷി.
ഒരു ലോഡ് മെറ്റലിന് 39,000 ആയിരുന്നത് ഇപ്പോൾ 56,000 വരെയായി. 44,000 ആയിരുന്ന എംസാൻഡിന് 59,000 വരെയും.
സാധാരണ ടിപ്പർ ലോറികളിലെത്തിക്കുന്ന 2 ചതുരം (ക്യൂബിക് മീറ്റർ) പാറയ്ക്ക് 7000–7500 വരെയായിരുന്നത് ഇപ്പോൾ 9000–നു മേലെയാണ് വില.
വെളളറട ഉൾപ്പെടെയുളള കിഴക്കൻ മേഖലയിൽ ഉളള പല ക്വാറികളും പ്രവർത്തിക്കുന്നില്ല.
തമിഴ്നാട്ടിൽ നിന്ന് ഡീലർമാർക്ക് സിമന്റ്, കമ്പി എന്നിവ കേരളത്തിൽ എത്തിക്കുന്നതിന് ഇപ്പോഴത്തെ വിലക്ക് തടസ്സമല്ലെങ്കിലും ഇവ മാത്രം കിട്ടിയതു കൊണ്ട് കാര്യമില്ലെന്ന് നിർമാതാക്കൾ പറയുന്നു.
ആയിരങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ
വാഹന ഉടമകൾ, തൊഴിലാളികൾ നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ, എന്നിവർക്കു പുറമേ വർക്ഷോപ്പുകൾ, ടയർ പഞ്ചർ കടകൾ എന്നീ അനുബന്ധ തൊഴിലുകളിലുളളവരുമായ ആയിരങ്ങളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വാഹനങ്ങൾ ഓടാത്തതിനാൽ ഉടമകൾക്ക് വായ്പ തിരിച്ചടവ് നടക്കുന്നില്ല.
വിലക്ക് തുടർന്നാൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഇവരെ തുറിച്ചുനോക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും സർക്കാർ തലത്തിൽ ചർച്ച ചെയ്ത് എത്രയും വേഗം പ്രശ്ന പരിഹാരം കാണണമെന്നാണ് ഈ രംഗത്തെ തൊഴിലാളികളുടെ ആവശ്യം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

