കണ്ടല്ലൂർ ∙ നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ ഏതു വലിയ സ്വപ്നവും യാഥാർഥ്യമാക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇരുപത്തിരണ്ടുകാരനായ കണ്ടല്ലൂർ പുതിയവിള പണ്ടകശാലയിൽ കേശവ് സുനീഷ്. അധ്വാനിച്ച് പണം കണ്ടെത്തി ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് ക്യാംപിൽ എത്തിയിരിക്കുകയാണ് കേശവ് ഇപ്പോൾ.
കായംകുളത്തെ പച്ചക്കറിക്കടയിൽ ജോലി ചെയ്തു സ്വരൂപിച്ച പണം കൊണ്ടാണ് എവറസ്റ്റ് കയറാനുള്ള ഈ പുറപ്പാട്.
കഴിഞ്ഞമാസം 15ന് ആണ് എവറസ്റ്റ് കയറാൻ തുടങ്ങിയത്. ഏഴു ദിവസം കൊണ്ട് 132 കിലോമീറ്റർ താണ്ടി ബേസ് ക്യാംപിൽ എത്തി.
തുടർന്ന് യാത്ര ചെയ്യണമെങ്കിൽ നിബന്ധനകൾ ഏറെയാണ്. ശാരീരികവും മാനസികവുമായി തയാറെടുക്കുന്നതിനൊപ്പം വലിയ സാമ്പത്തിക ചെലവും ഉണ്ട്.
സോളോ ട്രിപ്പുകൾ പാഷനായി കൊണ്ടു നടക്കുന്ന കേശവ് സുനീഷ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും ചെറു പ്രായത്തിൽ തന്നെ സഞ്ചരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഉത്തർപ്രദേശ് യാത്ര നടത്തുന്നതിനിടയിൽ മുത്തശ്ശി മരിച്ചത് അറിഞ്ഞു വീട്ടിലേക്ക് മടങ്ങി.
മുത്തശ്ശിയുടെ വലിയ ആഗ്രഹമായിരുന്നു ചെറുമകൻ എവറസ്റ്റ് കയറുക എന്നത്.
ആ ആഗ്രഹവും തന്റെ ആവേശവും കൂടിയായപ്പോൾ എവറസ്റ്റിൽ എത്തുക എന്നത് മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നതെന്ന് കേശവ് സുനീഷ് പറഞ്ഞു. കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളജിൽ നിന്ന് ബികോം ഫിനാൻസ് പാസായതോടെ എവറസ്റ്റ് യാത്രയായി കേശവിന്റെ മനസ്സ് നിറയെ.
പണം വലിയ പ്രതിസന്ധിയായത് മറികടക്കാൻ മാസങ്ങളോളം അധ്വാനിച്ചു. പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് യാത്ര തിരിച്ചു.
പിതാവ് സുനീഷും മാതാവ് ഇന്ദുകലയും ഏക സഹോദരി കമലയും കേശവിന്റെ യാത്രകൾക്ക് എന്നും പിന്തുണയുമായുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

