മൂലമറ്റം∙ കാലപ്പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന വാഗമൺ റൂട്ടിൽ, ബസ് തകരാറിലായി യാത്രക്കാർ നടുറോഡിലാകുന്നത് പതിവാകുന്നു. കെഎസ്ആർടിസി മാത്രം സർവീസ് നടത്തുന്ന ഈ റൂട്ടിൽ വാഹനങ്ങൾ വഴിയിലായാൽ അടുത്ത ബസ് എത്താൻ മണിക്കൂറുകളോളം കാത്തിരിക്കണം.
ഇല്ലെങ്കിൽ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ 4 എണ്ണം 2009 മോഡലും 2 എണ്ണം 2010 മോഡലും 2 എണ്ണം 2011 മോഡലും 3 എണ്ണം 2022 മോഡലുമാണ്.
7 ബസുകൾ കാലാവധി കഴിഞ്ഞവയാണ്. മറ്റു 3 ബസുകൾ ഒരുവർഷം കഴിഞ്ഞാൽ കാലാവധി പൂർത്തിയാകുന്നവയുമാണ്.
കാലാവധി തീർന്ന ബസുകൾക്ക് ഒരുവർഷം കൂടി സർക്കാർ ഫിറ്റ്നസ് പുതുക്കി നൽകിയതിന്റെ ഔദാര്യത്തിലാണ് സർവീസ് നടത്തുന്നത്. എന്നാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ബസുകൾ കട്ടപ്പുറത്താകും.
ഇതോടെ വാഗമൺ റൂട്ടിലടക്കം മൂലമറ്റം ഡിപ്പോയിലെ സർവീസുകൾ പലതും നിലയ്ക്കും. 19 സർവീസുകളുള്ള ഈ ഡിപ്പോയിൽ 18 ബസുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
മിക്ക ദിവസവും ഒരു സർവീസ് റദ്ദാക്കുന്നത് പതിവാണ്.
പുതിയ ബസ് അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിൽ കഴിഞ്ഞ 2 മാസം മുൻപ് ഒരു സ്വിഫ്റ്റ് ബസ് മാത്രമാണ് ലഭിച്ചത്. പകരം മറ്റൊരു ബസ് ഇവിടെനിന്നു കൊണ്ടുപോയി.
അടുത്ത വർഷം നിലവിലുള്ള ബസുകളിൽ ഭൂരിഭാഗവും കട്ടപ്പുറത്താകും. ഇതോടെ മൂലമറ്റം ഡിപ്പോ തന്നെ നിലയ്ക്കുമെന്നാണ് കെഎസ്ആർടിസിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ജില്ലയിൽ മറ്റു ഡിപ്പോകളിൽ പുതിയ ബസുകൾ അനുവദിച്ചപ്പോഴും മൂലമറ്റം ഡിപ്പോയെ അവഗണിക്കുകയായിരുന്നു. പഴയ ബസുകൾ മാറ്റി പുതിയ വാഹനങ്ങൾ ഇതുവഴി സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

