കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജകമണ്ഡലത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിൽ നിർണായക യോഗം ചേർന്നു. പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബന്ധപ്പെട്ട
വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുഴകൾ, ചിറകൾ, പാടശേഖരങ്ങൾ, മലകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികളുടെ സമഗ്ര റിപ്പോർട്ട് എം.എൽ.എ ജില്ലാ കലക്ടർക്ക് കൈമാറി.
കുറ്റ്യാടി പുഴ കടന്നുപോകുന്ന വിവിധ പഞ്ചായത്തുകളെ കോർത്തിണക്കി റിവർ ടൂറിസം സർക്യൂട്ട് നടപ്പിലാക്കുക എന്നതാണ് ഇതിലെ പ്രധാന പദ്ധതി. ഇതിന്റെ തുടർച്ചയായി കലക്ടർ, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാർ, ടൂറിസം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പുഴയാത്ര സംഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി നിരവധി പ്രദേശങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. കുറ്റ്യാടി ഹെറിറ്റേജ് വാക് വേ – ഹാപ്പിനസ് പാർക്ക്, ചെരണ്ടത്തൂർ ചിറ കേന്ദ്രീകരിച്ചുള്ള പക്ഷി നിരീക്ഷണവും ഫാം ടൂറിസവും വാക്വേയും, ചൊവ്വപുഴയിലെ കയാക്കിങും ഇക്കോ ടൂറിസവും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ തിരുവള്ളൂരിലെ തുരുത്തി-പെരിഞ്ചേരി കടവ് ടൂറിസം പദ്ധതിയും ബാംബൂ പാർക്കും, പുറമേരിയിലെ മധുകുന്ന് വ്യൂപോയിന്റും ട്രെക്കിങും, ആയഞ്ചേരി പഞ്ചായത്തിലെ തെക്കെപൊയിൽ ഗ്രൗണ്ട്, തെക്കെ തറേമൽ പൊയിൽ പാടവും പുലതുരത്തിയും പദ്ധതിക്കായി പരിഗണിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ സാധ്യതാ പഠനത്തിനായി ജില്ലാ ടൂറിസം വകുപ്പിന്റെ വിദഗ്ധ സംഘം ഉടൻ തന്നെ നിർദ്ദിഷ്ട
പ്രദേശങ്ങൾ സന്ദർശിക്കും. ഇതിനുപിന്നാലെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘവും തിരഞ്ഞെടുത്ത പോയിന്റുകളിൽ നേരിട്ടെത്തി വിലയിരുത്തൽ നടത്തും.
നിലവിൽ ജനശ്രദ്ധയാകർഷിച്ച ടൂറിസം കേന്ദ്രമായ പയംകുറ്റിമലയുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനും റോഡ് വീതി കൂട്ടുന്നതിനും യോഗത്തിൽ തീരുമാനമായി. പദ്ധതികളുടെ സാധ്യതാ പഠനം പൂർത്തിയാക്കുന്നതിനും, ടൂറിസം വകുപ്പിന്റെ എംപാനൽഡ് ആർക്കിടെക്റ്റുകൾ വഴി വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കുന്നതിനും, പ്രത്യേക ടൂറിസം ഡെവലപ്മെന്റ് മീറ്റുകൾ സംഘടിപ്പിക്കുന്നതിനും യോഗം ധാരണയിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

