സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നതിനിടയിൽ കാലാവസ്ഥ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് അധികൃതർ. കേരളത്തിൽ ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
നിലവിൽ തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപിനും മുകളിലായി ഒരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഈ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട
ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി (ട്രഫ്) നിലനിൽക്കുന്നുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ശക്തി കൂടിയ ന്യൂനമർദ്ദം തുടരുകയാണ്. ഇത് ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും, തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 25-ന് അതിതീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.
കൂടാതെ ഒക്ടോബർ 26-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും പ്രവചനമുണ്ട്. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 28-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാനാണ് സാധ്യത.
കേരളത്തിൽ ഒക്ടോബർ 25, 26 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ബാധകമായിട്ടുള്ളത്. നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ റെഡ് അലർട്ടോടു കൂടിയ അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഇതോടൊപ്പം ഒക്ടോബർ 28-ന് ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലും, ഒക്ടോബർ 26-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനുപുറമെ, നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിലും, ഒക്ടോബർ 26-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും, ഒക്ടോബർ 27-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

