ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള നടത്തിയ പുതിയ പരാമർശം രാഷ്ട്രീയ രംഗത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
സംഭവത്തിൽ അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും വിഎച്ച്പിയും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിലെ ബാരാമുള്ളയിൽ നടന്ന പാർട്ടി പ്രവർത്തകസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഈ വിവാദ പരാമർശമുണ്ടായത്.
”നമ്മുടെ അയൽക്കാരായ(പാകിസ്ഥാൻ) കശ്മീർ പ്രശ്നം നിരന്തരം പിന്തുടരുന്നുണ്ട്. അദ്ദേഹം(പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്) കശ്മീർ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് എല്ലായിടത്തേക്കും പോകുന്നു.
അദ്ദേഹം(പാക് പ്രധാനമന്ത്രി) നമ്മളെ സംരക്ഷിക്കുകയാണ്. അല്ലെങ്കിൽ അവരുടെ(കേന്ദ്രസർക്കാർ) ഉദ്ദേശ്യം അത്ര നല്ലതല്ല” എന്നായിരുന്നു ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കിയത്.
കേന്ദ്രസർക്കാരിൽനിന്ന് കശ്മീരിലെ ജനങ്ങൾക്ക് നീതി ലഭിക്കുമോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ”ഡൽഹിയിൽനിന്ന് നിങ്ങൾക്ക് എന്ത് പ്രതീക്ഷിക്കാനാകും.
അവരിൽനിന്ന് നീതി ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. അതുകൊണ്ട് പോരാടാനുള്ള ധൈര്യം വേണം.
അല്ലെങ്കിൽ നിങ്ങളെല്ലാം തുടച്ചുനീക്കപ്പെടും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഈ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷത്തുനിന്നും മറ്റ് സംഘടനകളിൽ നിന്നും കടുത്ത എതിർപ്പാണ് ഉയർന്നിട്ടുള്ളത്.
ഫാറൂഖ് അബ്ദുള്ള പരസ്യമായി മാപ്പ് പറയണമെന്നും ഇത്തരം നിലപാടുകൾ തുടരുകയാണെങ്കിൽ അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്നും ബിജെപി ജമ്മു കശ്മീർ അധ്യക്ഷൻ സാത് ശർമ ആവശ്യപ്പെട്ടു. പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ രവീന്ദർ റെയ്നയും പ്രതികരിച്ചു.
ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗം രാജ്യദ്രോഹപരമാണെന്നും അദ്ദേഹത്തിനെതിരെ ഉചിതമായ നിയമനടപടി വേണമെന്നും രവീന്ദർ റെയ്ന കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയ ചരിത്രമാണ് പാകിസ്ഥാനുള്ളതെന്നും കശ്മീരിനെ ഒരു ശ്മശാനഭൂമിയാക്കി മാറ്റാനാണ് അവർ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് വിനോദ് ബൻസാലും സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കശ്മീർ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അവിടത്തെ ജനങ്ങളുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നത് ഇന്ത്യയാണെന്നും അത് രാജ്യത്തിന്റെ കരുത്താണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

