ചാലക്കുടി ∙ ദേശീയപാതയിലെ പാലങ്ങളിൽ പെയ്ന്റിങ് നടത്തുന്നതിന്റെ ഭാഗമായി പുഴയ്ക്കു കുറുകെയുള്ള പാലത്തിൽ മഞ്ഞ, കറുപ്പ് നിറങ്ങളാൽ മനോഹരമാക്കി. എന്നാൽ പാലത്തിന്റെ ശിലാസ്ഥാപനത്തിന്റെയും ഉദ്ഘാടനത്തിന്റെയും വിവരങ്ങളുള്ള ശിലാഫലകങ്ങളും പെയ്ന്റ് ചെയ്തതോടെ പാലത്തിന്റെ ചരിത്രം പറയുന്ന സുപ്രധാന ഭാഗം മാഞ്ഞു പോയി.
ആറു പതിറ്റാണ്ടു മുൻപു നിർമാണം ആരംഭിച്ച പാലം 6 വർഷമെടുത്താണു പൂർത്തിയാക്കിയത്.
1966 ഡിസംബർ 16നാണു ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ പാലം നിർമാണം ആരംഭിച്ചത്. ചാലക്കുടിക്കാരനായ അന്നത്തെ കേന്ദ്ര ഭക്ഷ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോൻ ശിലാസ്ഥാപനം നടത്തി.
നിർമാണം പൂർത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടനം 1972 ഫെബ്രുവരി 22ന് അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എ.സി.ജോർജ് നിർവഹിച്ചു. ഈ വിവരങ്ങളെല്ലാം തീയതി സഹിതം കൊത്തിവച്ചിരുന്ന ഫലകങ്ങളാണു പെയ്ന്റ് ചെയ്തു മായ്ച്ചു കളഞ്ഞത്.
2010 വരെ ദേശീയപാതയിലെ ഈ പാലത്തിലൂടെയാണ് ഇരു ദിശകളിലേക്കും വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.
2006ൽ ഈ പാലത്തിന്റെ കിഴക്കു വശത്തു മറ്റൊരു പാലം കൂടി നിർമാണം ആരംഭിച്ചു. 2010ൽ ഈ പാലവും ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ പഴയ പാലത്തിലൂടെ എറണാകുളം ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുകയും പുതിയ പാലം തൃശൂർ ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾക്കായി തുറന്നു നൽകുകയുമായിരുന്നു.
പഴയ പാലം ഇന്നലെ അറ്റകുറ്റ പണികൾക്കായി അടച്ചു.
ഇതോടെ കിഴക്കു ഭാഗത്തെ എറണാകുളം ഭാഗത്തേക്കു പോകാനുള്ള പാലത്തിലൂടെയാണ് ഇരുദിശകളിലേക്കും ഇന്നലെ രാത്രി മുതൽ വാഹനങ്ങൾ വിടുന്നത്.
പാലത്തിലെ തൂണുകൾക്കും സ്പാനുകൾക്കും ഇടയിലുള്ള റബറും ലോഹങ്ങളും ഉപയോഗിച്ചുള്ള ബെയറിങ്ങുകൾക്കു തേയ്മാനം വന്നതാണു അറ്റകുറ്റ പണികൾ നടത്താൻ കാരണം. എന്നാൽ 6 ദിവസം പാലം അടച്ചിട്ടു നടത്തുന്നതു ബെയറിങ് മാറ്റുന്നതിനു മുന്നോടിയായുള്ള ജോലികളാണ്.
ബലപരിശോധനയും നടത്തും. കാൽ നൂറ്റാണ്ടു മുൻപാണ് ഇതിനു മുൻപ് ബെയറിങ് മാറ്റി സ്ഥാപിച്ചത്.
അക്കാലത്തു വർഷങ്ങളോളം നീണ്ടു നിന്ന ഗതാഗതക്കുരുക്ക് കേരളത്തിലെ വാഹന ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

