അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും നടി അൻസിബ രാജിവെച്ചതിന് പിന്നാലെ, താരം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സിനിമാമേഖലയിൽ വലിയ ചർച്ചയാകുന്നു. തന്നെ ടിനി ടോം ‘ജിഹാദി’ എന്ന് വിളിച്ചുവെന്നും, തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ അവിഹിത ബന്ധം ആരോപിച്ച് പ്രചാരണം നടത്തിയെന്നും അൻസിബ ആരോപിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ടിനി ടോം, താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും അൻസിബ തന്റെ സഹോദരിയെപ്പോലെയാണെന്നും വ്യക്തമാക്കി. താൻ വളർന്നുവരുന്നത് തടയാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ വിഷയത്തിൽ നടൻ ടിനി ടോമിനെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ് രംഗത്തെത്തിയത് വലിയ ശ്രദ്ധയാകർഷിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
ടിനി ടോം അൻസിബയെ വിളിച്ച ‘ജിഹാദി’ എന്ന പ്രയോഗം ആരുടെ ശബ്ദത്തിലാണെന്ന സംശയമാണ് എം.എ നിഷാദ് ഉയർത്തുന്നത്. അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ: “പ്രിയപ്പെട്ട
ടിങ് ടോങ്, താങ്കൾ ഒരു കലാകാരനല്ല എന്ന സത്യം താങ്കൾക്ക് വേദി തരുന്ന അപൂർവ്വം ചിലരൊഴികെ, ഭൂമിമലയാളത്തിൽ സകലമനുഷ്യജീവികൾക്കും അറിയാവുന്ന പരമാർത്ഥമാകുന്നു. ആ സത്യം താങ്കളും മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ട്.
കലാകാരനാവണമെന്നുള്ള താങ്കളുടെ ആഗ്രഹത്തെ മാനിക്കുന്നു. അതോടൊപ്പം തന്നെ കല എന്ന പേരിൽ താങ്കൾ ചെയ്യുന്ന പ്രവൃത്തികൾ വഴി കലാകാരന്മാരായ സാധുക്കൾ തലയിൽ മുണ്ടിട്ട് നാടുവിടാൻ ഇനിയും ഇടയാക്കരുതെന്ന് അപേക്ഷിക്കുന്നു.
പൊതുവേദികൾ ഒഴിവാക്കി ദണ്ഡനത്തിന്റെ കാഠിന്യം അസാരം കുറയ്ക്കണമെന്ന് വ്യംഗ്യം. താങ്കൾക്ക് അനുകരണകല തന്നെ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ ഒഴിവാക്കി നിർജ്ജീവമായ വസ്തുക്കളെ ഇരയാക്കിക്കൊള്ളുക.
ജനങ്ങൾ സ്നേഹിക്കുകയും നെഞ്ചിൽ സൂക്ഷിക്കുകയും ചെയ്യുന്ന അഭിനേതാക്കളെ വെറുതെ വിടാൻ ദയവുണ്ടാകണം.” കൂടാതെ, “ഇപ്പോൾ വാർത്തയായ വിഷയത്തിൽ താങ്കൾ ആരുടെ ശബ്ദത്തിലാണ് അൻസിബയെ ജിഹാദി എന്നു വിളിച്ചതെന്നറിയില്ല. എങ്കിലും കൃത്യം വൈബ് മാച്ചായ സ്ഥിതിക്ക് അർഹിക്കുന്ന അംഗീകാരങ്ങളും ഉദ്ദിഷ്ടസ്ഥാനലബ്ധിയും വന്നുചേരുമെന്ന് ഇതിനാൽ മനസ്സിലാവുന്നു.
കാരാഗ്രഹവാസം അശേഷം താല്പര്യമില്ലാത്ത സ്ഥിതിക്ക് ഇനിയൊരിക്കൽ കൂടി നേരിൽ കാണാനിടയാവതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു” എന്നും എം.എ നിഷാദ് പരിഹാസപൂർവ്വം കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

