ചിറ്റിലഞ്ചേരി മേഖലയിൽ പാചകവാതക വില വർധനയ്ക്ക് പിന്നാലെ വിറകിനും വില കുതിച്ചുയരുന്നു. ആവശ്യക്കാർ വർധിച്ചതോടെ വിപണിയിൽ കടുത്ത വിറകു ക്ഷാമമാണ് അനുഭവപ്പെടുന്നത്.
നിലവിൽ പുളി വിറകിന്റെ വില ടണ്ണിന് 5000 രൂപയിൽ നിന്ന് 8000–8500 രൂപയായി ഉയർന്നു. പാഴ്മരങ്ങളുടെ വിറകിന് 6000 രൂപയാണ് നിലവിലെ വിപണി വില.
റബർ മരത്തിന്റെ വിറകിനും സമാനമായ രീതിയിൽ വില വർധനയുണ്ടായിട്ടുണ്ട്. വിറകിന്റെ ലഭ്യത കുറഞ്ഞതോടെ പലരും മരങ്ങൾ വാങ്ങി സ്വന്തമായി വിറക് തയാറാക്കി സൂക്ഷിക്കാൻ നിർബന്ധിതരാകുന്നു.
എങ്കിലും, ഈ മേഖലയിൽ തൊഴിലാളികളുടെ ദൗർലഭ്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിറക് പൊളിക്കുന്നതിനായുള്ള യന്ത്രങ്ങളുടെ അപര്യാപ്തതയും സ്ഥിതി വഷളാക്കുന്നു.
മരം പൊളിച്ചു വിറകാക്കുന്ന യന്ത്രത്തിന് മണിക്കൂറിന് 650 രൂപയാണ് വാടക ഈടാക്കുന്നത്. ഒരു മണിക്കൂർ കൊണ്ട് ഏകദേശം ഒരു ടൺ വിറക് ലഭിക്കുമെങ്കിലും, ആവശ്യത്തിന് യന്ത്രങ്ങൾ ലഭ്യമല്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
അതേസമയം, ഗ്രാമീണ മേഖലകളിൽ നിന്ന് വൻതോതിൽ മരങ്ങൾ വെട്ടി തമിഴ്നാട്ടിലേക്കും സംസ്ഥാനത്തെ വിവിധ കമ്പനികളിലേക്കും ചൂളകളിലേക്കും കൊണ്ടുപോകുന്നത് വിറകു ക്ഷാമം രൂക്ഷമാകുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

