തൃശൂർ ∙ കാഴ്ചയുടെയും കേൾവിയുടെയും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന തൃശൂർ പൂരത്തിനു 20ന് കൊടിയേറ്റ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി–പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും 20ന് കൊടിയേറും.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്നതാണു ചടങ്ങ്.
കൊടിമരത്തിനായുള്ള കവുങ്ങ് നാളെ രാവിലെ 9ന് പാട്ടുരായ്ക്കൽ ജംക്ഷനിൽ നിന്നു ക്ഷേത്രത്തിലേക്ക് ആഘോഷപൂർവം എത്തിക്കും.
തുടർന്ന് പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരി ഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ കവുങ്ങ് ചെത്തി മിനുക്കി കൊടിമരം നിർമിക്കും. കൊടിയേറ്റ ശേഷം ഉച്ചയ്ക്കു 3ന് ക്ഷേത്രത്തിൽ നിന്നു പൂരം പുറപ്പാട്.
ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊർണൂർ റോഡ് വഴി നായ്ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും.
പിന്നാലെ നായ്ക്കനാലിൽ വച്ചുപിടിപ്പിച്ച ചെറിയ ആൽമരത്തിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകൾ ഉയരും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല നിറത്തിലും മഞ്ഞ നിറത്തിലുമുള്ള കൊടികളാണ് ഉയർത്തുക.
തുടർന്ന് പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്. അവിടെ മേളം കലാശിച്ച ശേഷം നടുവിൽ മഠത്തിൽ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടക്കും.
പാറമേക്കാവ് ക്ഷേത്രത്തിൽ 20ന് 11.30നാണ് പൂരം കൊടിയേറ്റ്.
രാവിലെ 11ന് നടക്കുന്ന വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തും. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിൻ കൊടിമരം ആൽ, മാവ് ഇലകളും ദർഭപ്പുല്ലും ഉപയോഗിച്ചും അലങ്കരിക്കും.
തുടർന്ന് സിംഹ മുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയർത്തുക. ഇതിനു ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികൾ ഉയർത്തും.
പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റും.
തുടർന്ന് 5 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്. ശേഷം വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിൽ ആറാട്ടും നടക്കും.
കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, പനമുക്കുംപ്പിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളിലും 20ന് രാവിലെയും വൈകിട്ടുമായി തൃശൂർ പൂരം കൊടിയേറും.
പൂരം 26ന്; സാംപിൾ 24ന്
ഏപ്രിൽ 26നാണ് തൃശൂർ പൂരം. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനത്തിനു 24ന് തുടക്കമാകും.
ഇതോടൊപ്പം 24ന് രാത്രി 7ന് സാംപിൾ വെടിക്കെട്ടും നടക്കും. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്.
26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകൽപൂരവും തുടർന്നു ഉപചാരം ചൊല്ലൽ.
രാത്രി ആറാട്ടിനും മേളത്തിനും ശേഷം പൂരം കൊടിയിറങ്ങും.
പൂരത്തിനെത്തുന്നു തൃക്കടവൂർ ശിവരാജു
തൃശൂർ പൂരത്തിന് ആനപ്രേമികളുടെ പ്രിയപ്പെട്ട തൃക്കടവൂർ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ആനയെ പൂരത്തിൽ പങ്കെടുപ്പിക്കണെന്ന ആഗ്രഹം പാറമേക്കാവ് ദേവസ്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നേരിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
വെറ്ററിനറി ഡോക്ടർമാരുടെ അനുകൂല റിപ്പോർട്ട് ലഭിച്ചതോടെ പൂരത്തിൽ പങ്കെടുക്കാനുള്ള അനുമതിയുമായി.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ഏറ്റവും ഉയരമുള്ള ഗജവീരനാണ് കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആനയായ ശിവരാജു. തൃക്കടവൂരിലെ ശിവരാജു പ്രേമികളാണ് ഏക്കത്തുകയായ രണ്ടര ലക്ഷം രൂപ അടച്ചത്.
നേരത്തെ ശിവരാജു പൂരത്തിന് പങ്കെടുത്തിട്ടുണ്ടെങ്കിലും പാറമേക്കാവിന്റെ തിടമ്പേറ്റുന്നത് ആദ്യമായാണ്. രാത്രി പൂരത്തിന് പാറമേക്കാവ് കാശിനാഥനും പിറ്റേന്ന് പകൽപൂരത്തിന് എറണാകുളം ശിവകുമാറും ഭഗവതിയുടെ തിടമ്പേറ്റും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

