പള്ളിപ്പുറം ∙ വേമ്പനാട് കായലിൽ തവണക്കടവ് ഭാഗത്തു നിന്നും ഡ്രജ് ചെയ്തു മണലെടുക്കുന്നത് പ്രദേശവാസികളെയും തീരമേഖലയിലെ വീടുകൾ ഉൾപ്പെടുന്ന കെട്ടിടങ്ങളെയും പ്രതികൂലമായി ബാധിക്കുന്നെന്നു പരാതി. ദേശീയപാത നിർമാണ ആവശ്യങ്ങൾക്കാണ് തവണക്കടവിന്റെ വടക്ക്, തെക്ക് വശങ്ങളിലെ കായലിൽ നിന്നും ഡ്രജ് ചെയ്തു മണലെടുക്കുന്നത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ലോറിയിൽ കയറ്റിയാണു ദേശീയപാത നിർമാണ സ്ഥലത്തേക്ക് എത്തിക്കുന്നത്. ഇതു തുടങ്ങിയിട്ട് ആഴ്ചകളായി.
മണലെടുക്കുന്നതു മൂലം തീരമേഖലയിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും കൽക്കെട്ടുകൾക്കും ഭീഷണിയായിട്ടുണ്ട്. വൈകാതെ കൽക്കെട്ട് ഇടിഞ്ഞ് കായലിലേക്കു പോകുമെന്നും വീടുകൾക്കു സ്ഥാപനങ്ങൾക്കും കേടുപാടുകൾ വരുമെന്നും ആശങ്കയുണ്ട്.
രാത്രിയിൽ കൂടുതലായി പ്രവൃത്തികൾ നടക്കുന്നുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.
ഡ്രജ് ചെയ്യുന്നതിന്റെയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണൽ കയറ്റുന്നതിന്റെയുമെല്ലാം വലിയ ശബ്ദം പ്രദേശവാസികളെ സാരമായി ബാധിക്കുന്നു. രോഗികളും വയോധികരുമായ ഒട്ടേറെപ്പേർ മേഖലയിൽ താമസിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് പ്രദേശവാസികൾ കലക്ടർക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ഡ്രജിങ്ങ് മൂലം പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഭാഗമായ മാട്ടേൽ തുരുത്തും അവിടെയുള്ള പുരാതന ദേവാലയവും പരിസ്ഥിതി ആഘാത ഭീഷണിയിലാണെന്നും തുരുത്തും ദേവാലയവും സംരക്ഷിക്കപ്പെടുന്നതിനു നടപടി വേണമെന്ന് ആവശ്യപ്പെട്ടും പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതരും കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
വികസനത്തിനും നിയമപരമായ നടപടി ക്രമങ്ങൾക്കും ആരും എതിരല്ലെന്നും തീരവാസികളുടെ ജീവനും കെട്ടിടങ്ങളും സംരക്ഷിക്കപ്പെടണമെന്നുമാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

