മഹാരാഷ്ട്രയിൽ പ്രമുഖ വ്യവസായിയുടെ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട
കേതൻ അഗർവാളിന്റെ പിതാവ് വിശാൽ അഗർവാൾ ആണ് പ്രതിശ്രുത വധു സിയ ഗോയലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 18-ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ കേതൻ അഗർവാൾ കൊക്കയിൽ വീണു മരിക്കുകയായിരുന്നു.
അപകടമരണമെന്ന് ആദ്യം കരുതിയെങ്കിലും, വിശദമായ അന്വേഷണത്തിൽ സിയ ഗോയലും കാമുകനും ചേർന്ന് ഇയാളെ കൊക്കയിലേക്ക് തള്ളിയിട്ടതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ ദാരുണമായ കൃത്യത്തിന് നാലുദിവസം മുൻപും പ്രതിശ്രുത വധു മകനെ വധിക്കാൻ ശ്രമിച്ചിരുന്നതായി പിതാവ് വ്യക്തമാക്കുന്നു.
അന്ന് ലോഹഗഡ് കോട്ടയിലേക്ക് പോയ സമയം സിയ കേതനെ തള്ളിയിട്ടെങ്കിലും, ഒരു കുറ്റിച്ചെടിയിൽ പിടിത്തം കിട്ടിയതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അന്ന് തള്ളിയിട്ട
കാര്യം കേതന് ബോധ്യപ്പെട്ടെങ്കിലും, “പാമ്പ് പാമ്പ്” എന്ന് ഉറക്കെ നിലവിളിച്ച് സിയ ഇയാളെ കെട്ടിപ്പിടിച്ച് രംഗം വഷളാക്കുകയായിരുന്നു. ഇത് കേതനെ തള്ളിയിട്ടതല്ലെന്നും പാമ്പിനെ കണ്ടപ്പോൾ പേടിച്ച് പിടിച്ചതാണെന്നും വരുത്തിത്തീർക്കാനുള്ള സിയയുടെ ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് വിശാൽ അഗർവാൾ പറയുന്നു.
വിവാഹത്തിന് മുന്നോടിയായി ബാലിയിലേക്ക് പോകാൻ ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും, വിമാനത്താവളത്തിൽ എത്തിയപ്പോൾ കേതന്റെ പാസ്പോർട്ട് കാണാതായിരുന്നു. ഇത് കേതനെ വീണ്ടും കോട്ടയിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് പിതാവ് സംശയിക്കുന്നു.
സിയയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും ലോഹഗഡിൽ ട്രെക്കിങ്ങിന് എത്തിയത്. മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് സിയയുടെ കാമുകൻ അവിടെ എത്തുകയും, ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു.
സംഭവസ്ഥലത്ത് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വീണതാണെന്നായിരുന്നു സിയ പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. നവംബർ മാസത്തിൽ വിവാഹം നടക്കാനിരിക്കെയാണ് ഇത്തരമൊരു ക്രൂരകൃത്യം നടന്നത്.

