ആലപ്പുഴ–ചങ്ങനാശേരി (എസി റോഡ്) പാതയിലെ പാലങ്ങളും കലുങ്കുകളും ഇപ്പോൾ വൻ അപകടക്കെണിയായി മാറിക്കൊണ്ടിരിക്കുകയാണ്. പാലങ്ങളുടെയും കലുങ്കുകളുടെയും ഇരുവശങ്ങളിലുമുള്ള മണ്ണ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് റോഡുമായുള്ള നിരപ്പിൽ വലിയ ഉയരവ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.
പലയിടങ്ങളിലും റോഡും പാലവും തമ്മിൽ അര അടിയിലേറെ വ്യത്യാസമുണ്ട്. നേർരേഖയിലുള്ള പാതയായതിനാൽ, അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾക്ക് ഈ ഉയരവ്യത്യാസം പെട്ടെന്ന് തിരിച്ചറിയാൻ കഴിയാതെ വരുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു.
പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഈ പാതയിലൂടെ യാത്ര ചെയ്യുന്നവർക്കാണ് ജീവഹാനി ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കുന്നത്. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് പാലത്തിലേക്കോ കലുങ്കിലേക്കോ കയറുമ്പോൾ മുൻവശത്തെ ടയറുകൾ ഉയർന്നുപൊങ്ങി നിയന്ത്രണം നഷ്ടപ്പെടുന്നതാണ് പതിവ്.
കുട്ടനാടൻ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഭൂമി ഇടിഞ്ഞുതാഴുന്നത് സ്വാഭാവികമാണെങ്കിലും, ഇതിനെ പ്രതിരോധിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ റോഡിന്റെ പല ഭാഗങ്ങളിലും അപൂർണ്ണമാണ്. പാലങ്ങൾ പൈലിങ് നടത്തി ബലപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിലേക്കെത്തുന്ന റോഡ് താഴ്ന്നുപോകുന്നത് തടയാൻ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല.
പ്രത്യേകിച്ച് 2018-ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ വെള്ളം കയറിയ പള്ളിക്കൂട്ടുമ്മ മുതൽ ഒന്നാങ്കര വരെയുള്ള ഭാഗത്താണ് ഏറ്റവും ഗുരുതരമായ സാഹചര്യമുള്ളത്. പള്ളിക്കൂട്ടുമ്മ പാലത്തിന്റെ അപ്രോച്ച് റോഡുകൾ അപകടകരമാം വിധം താഴ്ന്നുകഴിഞ്ഞു.
ചങ്ങനാശേരി പെരുന്ന മുതൽ കളർകോട് വരെയുള്ള ഭാഗത്ത് അപകടസാധ്യതയുള്ള പ്രധാന സ്ഥലങ്ങൾ താഴെ പറയുന്നവയാണ് (പെരുന്നയിൽ നിന്നുള്ള ഏകദേശ ദൂരം ബ്രാക്കറ്റിൽ): മനയ്ക്കച്ചിറ പാലം (800 മീറ്റർ), പൂവം പാലം (3 കിലോമീറ്റർ), പൂവം കലുങ്ക് (3.9 കിലോമീറ്റർ), കിടങ്ങറ ഒന്നാംപാലം (4.5), കിടങ്ങറ ബസാർ പാലം (5.5), കിടങ്ങറ വലിയ പാലത്തിന്റെ പടിഞ്ഞാറേക്കര (6.3), മാമ്പുഴക്കരി പാലത്തിന്റെ പടിഞ്ഞാറേക്കര (7.7), മാമ്പുഴക്കരി കോസ്വേ (7.9), രാമങ്കരി പാലത്തിന്റെ പടിഞ്ഞാറേക്കര (9), പള്ളിക്കൂട്ടുമ്മ പാലം (11.2), തുടർന്നുള്ള കലുങ്കുകൾ (11.3, 11.9), മങ്കൊമ്പ് മേൽപാലം (13.6), നസ്രത്ത് മേൽപാലം–നെടുമുടി കോസ്വേ (15.6), പൂപ്പള്ളി കോസ്വേ (16.7), പാറശേരി പാലം (17.5), പാറശേരി മേൽപാലത്തിന്റെ പടിഞ്ഞാറുവശം (18), തുടർന്നുള്ള കലുങ്ക് (18.3), കൈനകരി കലുങ്കുകൾ (20.3, 20.7), പക്കി കലുങ്ക് (22.4).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

