കൊല്ലം ∙ കലക്ടറേറ്റിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വ്യാജമായാലും പണി കിട്ടുന്നത് സുരക്ഷ ഒരുക്കേണ്ട പൊലീസിനും അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമാണ്.
ഒരു മാസത്തിനിടെ നാലാമത്തെ ബോംബ് ഭീഷണിയെയാണ് കലക്ടറേറ്റ് അഭിമുഖീകരിക്കുന്നത്. വിവരം പൊലീസിൽ അറിയിക്കുമ്പോൾ വെസ്റ്റ് പൊലീസും ബോംബ് സ്ക്വാഡും സജ്ജരായി സുരക്ഷ പരിശോധന നടത്തും.
കലക്ടറേറ്റ് സമുച്ചയത്തിൽ പരിശോധന നടത്താൻ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും എടുക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
സെഷൻസ് കോടതി ഉൾപ്പെടെ ഒട്ടേറെ ഓഫിസുകൾ കലക്ടറേറ്റ് സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്. പരിശോധന നടത്തുമ്പോൾ ജീവനക്കാരെ പുറത്തു നിർത്തി പരിശോധിക്കണം.
ഒടുവിലാണ് സന്ദേശം വ്യാജമാണെന്ന് തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം കലക്ടറുടെ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്.
രാവിലെ 8.30നാണ് മെയിൽ എത്തിയത്.
പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയിരുന്നു. ഇ–മെയിലിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
വ്യാജ ഭീഷണി സന്ദേശം അയയ്ക്കുന്നവരുടെ മെയിൽ ഐഡി പിന്തുടർന്ന് എത്തുമ്പോഴാണ് പലപ്പോഴും അവ അയച്ചിരിക്കുന്നത് വിദേശരാജ്യങ്ങളിലെ ഉറവിടങ്ങളിൽ നിന്നാണെന്നു മനസ്സിലാകുന്നത്.
വ്യാജ ഭീഷണി സന്ദേശങ്ങൾക്കെതിരെ ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്നാണു കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഫെബ്രുവരിയിൽ കലക്ടറേറ്റിലെ ഫോണിൽ വിളിച്ച് മയ്യനാട് സ്വദേശി ബോംബ് ഭീഷണി മുഴക്കിയിരുന്നു.പരിശോധന നടത്തുന്നതിനൊപ്പം അയാളെ പിടികൂടുകയും ചെയ്തു.
ജയിലിലെ നല്ല ഭക്ഷണം കഴിക്കാനാണ് വ്യാജ ഭീഷണി മുഴക്കിയതെന്നാണ് അറസ്റ്റിലായ യുവാവിന്റെ മൊഴി.
അറസ്റ്റ് െചയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ രാത്രിയോടെ വിട്ടു. കൂടുതൽ ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവന്നാൽ വ്യാജ ഭീഷണി അയയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞേക്കാം.
എന്നാൽ, വിദേശത്ത് നിന്ന് ഭീഷണി അയയ്ക്കുന്നവരെ നേരിടുക പ്രയാസമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2016 ജൂൺ 15ന് കലക്ടറേറ്റിൽ ചെറിയ ബോംബ് സ്ഫോടനം നടന്നിരുന്നു.
മധുര ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകരെ ഈ കേസിൽ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചിരുന്നു.എന്നാൽ ഭീഷണി സന്ദേശമൊന്നും ഇല്ലാതെയായിരുന്നു ഈ സ്ഫോടനം.
2 വർഷം തടവുശിക്ഷ
ബിഎൻഎസ് 351 (ഭീഷണിപ്പെടുത്തൽ), കേരള പൊലീസ് നിയമം 118 (അഭ്യൂഹം പരത്തുക, പൊതുശല്യം സൃഷ്ടിക്കുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് വ്യാജ ബോംബ് ഭീഷണി നടത്തുന്നവർക്കെതിരെ കേസെടുക്കുക. ബിഎൻഎസ് 351 ന് കീഴിൽ പരമാവധി രണ്ട് വർഷത്തെ തടവാണു ശിക്ഷ.
പൊലീസ് നിയമം 118ൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

