സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ പെൻഷൻ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. കൊല്ലം കടപ്പാക്കട
സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ (പി.എൻ. പ്രസന്നകുമാർ നഗർ) വെച്ച് നടന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിന്റെ 13-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
പെൻഷൻ കമ്മിറ്റി ഉടൻ തന്നെ പുനഃസംഘടിപ്പിക്കുമെന്നും, പെൻഷൻ തുക വർധിപ്പിക്കുന്നതിൽ ഈ സമിതിയുടെ ശുപാർശകൾ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവർത്തകർക്കായി പ്രത്യേക ചികിത്സാ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഇവരുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരേയും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
മുൻകാലങ്ങളിലെ മാധ്യമപ്രവർത്തനം രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ വലിയ മാർഗനിർദേശങ്ങൾ നൽകിയിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. എന്നാൽ ഇന്നത്തെ മാധ്യമപ്രവർത്തനത്തിന്റെ പോക്കിനെക്കുറിച്ച് ഗൗരവമേറിയ ആത്മപരിശോധന ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെറ്റായ വാർത്തകൾ വന്നാൽ തിരുത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്ന പഴയ രീതി മാറി, ഇന്ന് വ്യാജ വാർത്തകൾ കൂടുതൽ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ നിർമ്മിക്കുന്ന ഈ രീതിയെക്കുറിച്ച് മാധ്യമ സമൂഹം ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം നിർദ്ദേശിച്ചു.
സമ്മേളനത്തിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ, സ്വാഗതസംഘം ചെയർമാനും കൊല്ലം മേയറുമായ എ.കെ.ഹഫീസ്, ബി.ബി.ഗോപകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.
ലതാ ദേവി, കേരള മീഡിയ അക്കാദമി മുൻ അധ്യക്ഷൻ ആർ.എസ്. ബാബു, ഫോറം ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ, കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ എസ്.
സുധീശൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. ചടങ്ങിൽ വെച്ച് സ്കൂൾ വിദ്യാർഥിയായ ഓം കാറിനെ മന്ത്രി പി.സി.വിഷ്ണുനാഥ് അനുമോദിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പ്രഭാകരൻ പുത്തൂർ പതാക ഉയർത്തിയതോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന മാധ്യമ സെമിനാർ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
എം.ജി.രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ സീനിയർ ജേണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി.ചെക്കുട്ടി ‘മാധ്യമ തൊഴിൽ സംസ്കാരം’ എന്ന വിഷയം അവതരിപ്പിച്ചു. കെ.എൻ.ഹരിലാൽ, പി.നന്ദകുമാർ, ആർ.ചന്ദ്രശേഖരൻ, സംഗീത മധു, സി.ഗൗരിദാസൻ നായർ, ഡോ.
നടക്കൽ ശശി, സി.പി.രാജശേഖരൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കർണാടകയിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ സംഘടന പ്രസിഡന്റ് ആർ.പി.
സാംബ സദാശിവ റെഡി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സമാപന ചടങ്ങിൽ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വിഷ്ണു മോഹൻ എംഎൽഎ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

