തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിനു സമീപം വള്ളത്തിൽനിന്നു കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ് (പ്രവീൺ, 42) ആണ് മരിച്ചത്.
കടലിൽ മീൻപിടിത്തം പൂർത്തിയാക്കി മടങ്ങുന്നതിനിടയിൽ താഴംപള്ളി ലേലഹാളിനു സമീപം അഞ്ചുതെങ്ങ് കായലിലേക്കാണ് തോമസ് വീണത്. ഇന്നലെ വൈകീട്ട് 5.30 മണിയോടെയായിരുന്നു സംഭവം.
അപകടം നടന്നയുടൻ തന്നെ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിരുന്നു. രമ്യ ഹരിദാസ് എംഎൽഎ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
രാത്രി എട്ടു മണിയോടെ താൽക്കാലികമായി അവസാനിപ്പിച്ച തെരച്ചിൽ ഇന്നു പുലർച്ചെ ആറു മണിയോടെയാണ് വീണ്ടും ആരംഭിച്ചത്. സംഭവസമയം തോമസിനൊപ്പം വള്ളത്തിലുണ്ടായിരുന്ന അച്ഛൻ ക്ലെരിയാൻ, സഹ മത്സ്യത്തൊഴിലാളികളായ മുത്തപ്പൻ, പത്രോസ്, ടെറി, റിച്ചാർഡ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
യുവാവ് അപസ്മാര രോഗബാധിതനായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

