കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു മുൻപ് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കാലാവസ്ഥ വകുപ്പ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ച പശ്ചാത്തലത്തിലാണ് സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ തീരുമാനമെടുത്തത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തോ ജില്ലയിലോ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നിലവിലില്ല.
എങ്കിലും, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാത ചുഴിയുടെ ഫലമായി കാലാവസ്ഥയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപംകൊണ്ട
ചക്രവാത ചുഴി ആഗസ്റ്റ് 12 ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഈ മാസം 14 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
തീരദേശങ്ങളിൽ കള്ളക്കടൽ ജാഗ്രത കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. 11/08/2026 രാത്രി 11.30 വരെയാണ് ജാഗ്രതാ നിർദ്ദേശം ബാധകമായിട്ടുള്ളത്.
* തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ജില്ലയിൽ ആലപ്പാട്ട് മുതൽ ഇടവ വരെയുമുള്ള തീരങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാം.
* ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), എറണാകുളം (മുനമ്പം മുതൽ മുറവക്കാട് വരെ) എന്നീ ജില്ലകളിലെ തീരങ്ങളിലും ഈ സമയത്ത് കടലാക്രമണ സാധ്യതയുണ്ട്.
* കന്യാകുമാരി തീരത്ത് 11/08/2026 രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
അടിയന്തര നിർദ്ദേശങ്ങൾ: 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട
മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

