കൊച്ചി∙ നാല് മാസങ്ങൾക്ക് ശേഷം വി.പി.എസ് ലേക്ഷോറിന്റെ സ്നേഹത്തണലിൽ വീണ്ടുമൊരു കല്യാണമണ്ഡപമൊരുങ്ങി, മുൻനിശ്ചയിച്ച തീരുമാനങ്ങൾക്ക് മേൽ ആരോഗ്യാവസ്ഥ പ്രതിസന്ധി തീർത്തപ്പോൾ ചികിത്സയിലിരുന്ന വധുവിന് മുന്നിൽ ആശുപത്രിയുടെ കരുതലിന്റെ വാതിലുകൾ തുറന്നു. ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടിൽ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകൾ ദിയ.ജി.പ്രഹ്ലാദിന്(26) കായംകുളം ഗോവിന്ദമുട്ടം പുത്തൻകണ്ടത്തിൽ പരേതനായ ഡി.
ജയൻ, അനിത ദമ്പതികളുടെ മകൻ ജിതിൻ ജയൻ താലിചാർത്തി. ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 10.30നും 11നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം.
ഇരുവരുടെയും വിവാഹം മാസങ്ങൾക്ക് മുൻപേ നിശ്ചയിച്ചതാണ്.
ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു.
ഇതിനോടകം വിവാഹത്തിനുള്ള ഒരുക്കങ്ങൾ ബന്ധുക്കൾ പൂർത്തീകരിച്ചിരുന്നു. അതിനാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചു.
യാത്ര ചെയ്യാൻ ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ തന്നെ വിവാഹം നടത്തുകയായിരുന്നു. ഇതേ സമയം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തിൽ മറ്റ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് വിവാഹ സൽക്കാര പരിപാടികളും നടത്തി.
വിവാഹ ദിനത്തിൽ അപകടത്തിൽപെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരൻ ഷാരോൺ വി.പി.എസ് ലേക്ഷോറിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് താലിചാർത്തിയത് കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു.
അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആശുപത്രി മാനേജ്മെന്റും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന സംഘം ദിയക്കും ജിതിനുമൊപ്പം ബന്ധുക്കളായി ചേർന്നുനിന്നു.
അനുഗ്രഹങ്ങളും സ്നേഹാശംസകളും ചൊരിഞ്ഞവർക്കൊപ്പം വേദനകൾ മറന്ന് ദിയ സുമംഗലിയായി. അനുഗ്രഹം പകർന്ന് വി.പി.എസ് ലേക്ഷോർ എം.ഡി എസ്.കെ.
അബ്ദുള്ള, സി.ഇ.ഓ ജയേഷ് വി. നായർ, ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ എന്നിവരും കല്യാണത്തിന് സാക്ഷ്യംവഹിച്ചു.
സൗദിയിൽ െഹൽത്ത് ആൻഡ് സേഫ്റ്റി ഓഫിസറാണ് ജിതിൻ.
എം.എ ഇംഗ്ലീഷ് പൂർത്തീകരിച്ച് തുടർപഠനത്തിനായി തയാറെടുക്കുകയാണ് ദിയ. വിവാഹ ദിനത്തിൽ യാത്ര ചെയ്യാനാകുംവിധം ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായാൽ നേരിട്ട് കായംകുളത്ത് എത്താമെന്നായിരുന്നു ആലോചന.
എന്നാൽ, വ്യാഴാഴ്ച ആകുമ്പോഴേക്കും യാത്ര ചെയ്യാനാകുന്ന ഘട്ടത്തിലെത്തിയിരുന്നില്ല. തുടർന്നാണ് ആശുപത്രിയിലെ അമ്പലത്തിൽ വിവാഹം നടത്താമെന്ന് തീരുമാനിച്ചത്.
മാനേജ്മെന്റും ഡോക്ടർമാരും സന്തോഷത്തോടെ സ്വാഗതം ചെയ്ത് ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് നൽകി. വൈവാഹിക ജീവിതം മനോഹരമാകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്ന് എം.ഡി എസ്.കെ.
അബ്ദുള്ള ഇരുവരെയും നേരിട്ട് ആശംസിച്ചു. ദിയ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

