കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികൾക്ക് അനുകൂലമായി ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ പ്രതിയായ കേസിൽ, സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ വിവാദ ഉത്തരവാണ് കോടതിയെ ചൊടിപ്പിച്ചത്.
സംഭവത്തിൽ കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി കെ.ബിജു നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിട്ടു. കോടതിയെ കരിവാരിത്തേച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇദ്ദേഹത്തിനെതിരെ കർശന അച്ചടക്ക നടപടി വേണമെന്നും നിർദ്ദേശിച്ചു.
“പ്രതിയാണോ ഈ ഉത്തരവ് തയ്യാറാക്കിയത്?” എന്ന് ആരാഞ്ഞ കോടതി, സർക്കാർ വിരുദ്ധവും കോടതിയെ അധിക്ഷേപിക്കുന്നതുമായ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിരീക്ഷിച്ചു. ജൂലൈ 2-ന് പുറത്തിറക്കിയ ആദ്യ ഉത്തരവിൽ, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്ന തെറ്റായ പരാമർശം ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, കാര്യങ്ങൾ പുനഃപരിശോധിക്കാൻ മാത്രമാണ് കോടതി ആവശ്യപ്പെട്ടിരുന്നതെന്നും പ്രോസിക്യൂഷൻ അനുമതി നൽകാൻ നിർദ്ദേശിച്ചിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായ ഈ നീക്കത്തിലൂടെ പ്രതികളെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം ശ്രമിച്ചുവെന്നും, ഇത്തരം ഉദ്യോഗസ്ഥരെ സർവീസിൽ നിലനിർത്തണോ എന്നത് സർക്കാർ ആലോചിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
അഡ്വക്കേറ്റ് ജനറലിന്റെ നിർദ്ദേശങ്ങളെ പൂർണ്ണമായും അവഗണിച്ച് ഉദ്യോഗസ്ഥർ ഏകപക്ഷീയമായി പ്രവർത്തിച്ചെന്നും, മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇത്തരം നടപടികൾ അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടതി വിലയിരുത്തി. കേസിലെ പ്രതിയായ ആർ.ചന്ദ്രശേഖരൻ ഉദ്യോഗസ്ഥർ നൽകിയ ഈ ഉത്തരവ് ഉപയോഗിച്ച് വാർത്താസമ്മേളനം നടത്തിയതും കോടതി ഗൗരവമായി കാണുന്നു.
പ്രോസിക്യൂഷൻ അനുമതിക്കായി വൈകിയ സിബിഐയുടെ നടപടികളെയും കോടതി ചോദ്യം ചെയ്തു. വിചാരണാ നടപടികൾക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
അതേസമയം, വിവാദ ഉത്തരവ് റദ്ദാക്കി സർക്കാർ പുതിയ അനുമതി ഉത്തരവ് സമർപ്പിച്ചു. ഹർജിക്കാരനായ കടകംപള്ളി മനോജ് നൽകിയ ഉപഹർജിയെത്തുടർന്ന്, പഴയ ഉത്തരവ് ഇനി കോടതിയലക്ഷ്യ നടപടികൾക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി.
2006 മുതൽ 2015 വരെ നടന്ന കശുവണ്ടി ഇറക്കുമതിയിലൂടെ കോർപറേഷന് ഭീമമായ നഷ്ടം വരുത്തിയെന്നതാണ് സിബിഐ കേസ്. കേസിലെ പ്രതികളായ ആർ.ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ.രതീഷ് എന്നിവർക്കെതിരായ വിചാരണ നടപടികളാണ് ഇപ്പോൾ സജീവമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

