തൊടുപുഴ /മൂന്നാർ ∙ വേനൽച്ചൂടിൽ വെന്തുരുകി നാടും നഗരവും. ഉച്ചസമയം, പുറത്തിറങ്ങാൻ കഴിയാത്തവിധം ശക്തമായ ചൂടാണ് പല ഭാഗത്തും.
തൊടുപുഴ ഉൾപ്പെടെ ലോറേഞ്ചിന്റെ ചില ഭാഗങ്ങളിൽ ഇന്നലെ പകൽ 37 ഡിഗ്രി സെൽഷ്യസായിരുന്നു കൂടിയ താപനില. അതേസമയം അനുഭവപ്പെടുന്ന ചൂട് ഇതിലും ഏറെയാണ്.
ഹൈറേഞ്ച് മേഖലകളിലും ചൂടിന്റെ കാഠിന്യം വർധിച്ചിട്ടുണ്ട്. വേനൽമഴ ലഭിച്ചില്ലെങ്കിൽ കൊടും വരൾച്ചയാകുമെന്ന ആശങ്കയുമുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വേനൽ മഴ കാത്ത് നാട്
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിൽ ലഭിച്ചത് 39.4 മില്ലിമീറ്റർ മഴയാണ്. സാധാരണയിലും കൂടുതൽ മഴ ലഭിച്ചതായാണ് കണക്കുകൾ.
അതേസമയം, ഈ മാസം ഇതുവരെയും കാര്യമായി മഴയുണ്ടായില്ല. ജില്ലയിൽ നിലവിൽ മഴ മുന്നറിയിപ്പുകളുമില്ല.
മാർച്ച് മുതൽ മേയ് വരെ വേനൽമഴ കിട്ടിയാൽ മാത്രമേ ശുദ്ധജലക്ഷാമവും കൃഷിനാശവും ഒഴിവാകൂ.
മൂന്നാറിൽ യുവി ഇൻഡക്സ് ഉയർന്നുതന്നെ
∙ പിന്നിട്ട 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്– 8.
യുവി സൂചിക 6 മുതൽ 7 വരെ യെലോ അലർട്ടും 8 മുതൽ 10 വരെ അതീവ ജാഗ്രതയുള്ള ഓറഞ്ച് അലർട്ടുമാണ്. 11ന് മുകളിൽ റെഡ് അലർട്ടും.
പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. സൂചിക 6ന് മുകളിലുള്ള പ്രദേശങ്ങളിൽ ഉള്ളവർ പുറത്തിറങ്ങുമ്പോൾ കൃത്യമായ മുൻകരുതലെടുക്കണമെന്നു നിർദേശമുണ്ട്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും.
മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം.
കാടുകയറി നശിക്കുന്നു മൂന്നാറിലെ മഴയളവ് കേന്ദ്രം
അറ്റകുറ്റപ്പണികളും പരിചരണവുമില്ലാതെ മൂന്നാറിലെ ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റിന്റെ (ഐഎംഡി) മഴയളവ് കേന്ദ്രം കാടുകയറി നശിക്കുന്നു. ടൗണിനു സമീപം ഇക്കാനഗറിൽ പ്രവർത്തിച്ചിരുന്ന സംവിധാനമാണ് വർഷങ്ങളായി കാടുകയറി നശിച്ചു കിടക്കുന്നത്.
മൂന്നാർ മേഖലയിലെ മഴയുടെ അളവ്, താപനില എന്നിവ രേഖപ്പെടുത്തുന്നതിനായാണ് വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവിട്ട് ഐഎംഡി ഇക്കാ നഗറിൽ കേന്ദ്രം സ്ഥാപിച്ചത്. ഓരോ ദിവസത്തെയും താപനിലയും മഴയളവും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.
വർഷങ്ങളോളം നല്ല രീതിയിൽ പ്രവർത്തിച്ച കേന്ദ്രം ഏതാനും വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ ഭൂരിഭാഗവും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.
തൊട്ടടുത്തായി വൈദ്യുതി വകുപ്പിന്റെ മഴയളവ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. മഴക്കാലത്ത് വൈദ്യുതി വകുപ്പിന്റെ ഓഫിസിൽ നിന്നുമാണ് ഐഎംഡി അധികൃതർ മഴയളവ് ശേഖരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

