സ്കോട്ട്ലൻഡിലെ സിംഗിൾ മാൾട്ട് വിസ്കികൾക്ക് ആഗോള വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത മാതൃകയാക്കി ഇടുക്കിയിലെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് ഗ്രാമ്യ എന്ന സ്റ്റാർട്ടപ്പ്. കൃഷി ചെയ്യുന്ന സ്ഥലം, സ്രോതസ്സ്, പ്രത്യേകതകൾ എന്നിവ കോർത്തിണക്കി ഒരു കഥയായി അവതരിപ്പിക്കുന്ന ‘സിംഗിൾ സോഴ്സ്’ മാർക്കറ്റിങ് രീതിയിലൂടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇരട്ടി വിലയാണ് ഈ സംരംഭകർ നേടുന്നത്.
നെടുങ്കണ്ടം പനച്ചിനാനിക്കൽ കുടുംബത്തിലെ അനു സണ്ണി, സഹോദരിമാരായ റിനു സണ്ണി, സോനു സണ്ണി, ബിസിനസ് പങ്കാളി ഭവേഷ് സാവരിയ എന്നിവർ ചേർന്നാണ് ഗ്രാമ്യ ബ്രാൻഡിന് കീഴിൽ സുഗന്ധവ്യഞ്ജനങ്ങൾ വിദേശ വിപണിയിലെത്തിക്കുന്നത്. രാസവസ്തുക്കൾ ഉപയോഗിക്കാത്ത, പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്ന കർഷകരിൽ നിന്ന് നേരിട്ടാണ് ഇവർ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്.
ഏലയ്ക്ക, കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ എന്നിവ യുഎസ്, യൂറോപ്പ് വിപണികളിലേക്ക് ഇവർ കയറ്റുമതി ചെയ്യുന്നു. സാമ്പത്തിക നേട്ടം കർഷകർക്ക്
വിപണി വിലയെക്കാൾ 30% മുതൽ 50% വരെ ഉയർന്ന തുകയാണ് ഇവർ കർഷകർക്ക് നൽകുന്നത്.
നിലവിൽ വിപണിയിൽ ഏലയ്ക്കയ്ക്ക് കിലോയ്ക്ക് 3000 രൂപ ലഭിക്കുമ്പോൾ, ഇവരുടെ കയറ്റുമതി വില 6000 മുതൽ 7000 രൂപ വരെയാണ്. കുരുമുളക് 760–800 രൂപ നിരക്കിൽ സംഭരിച്ച് 1300 രൂപയിലധികം വിലയിലാണ് വിദേശത്തേക്ക് അയക്കുന്നത്.
ഡാർജിലിങ് തേയിലയ്ക്ക് ലഭിക്കുന്നതുപോലെയുള്ള ഒരു ബ്രാൻഡ് വാല്യൂ ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങൾക്കും ഇവർ ഉറപ്പാക്കുന്നു. കഴിഞ്ഞ വർഷം മാത്രം 5 ടൺ കുരുമുളകും 2 ടൺ ഏലയ്ക്കയുമാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തത്.
ഫ്രാൻസാണ് ഇവരുടെ പ്രധാന വിപണി. നേരിട്ടുള്ള വിപണനത്തിന് പുറമെ വിദേശത്തെ പ്രമുഖ ഷെഫുമാർക്കും ഇവർ ഉൽപ്പന്നങ്ങൾ എത്തിക്കുന്നുണ്ട്.
ന്യൂജനറേഷൻ കർഷകർക്ക് പുതിയ പാതയൊരുക്കുന്ന ഈ സംരംഭത്തിന് സ്പൈസസ് ബോർഡിന്റെ പിന്തുണയുമുണ്ട്. ഈ മാതൃക സുഗന്ധവ്യഞ്ജന കൃഷിയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് സ്പൈസസ് ബോർഡ് ഡയറക്ടർ ഡോ.
എ.ബി. രമാശ്രീ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

