മയാമിയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നോർവെയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ജൂഡ് ബെല്ലിങ്ഹാം നേടിയ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് നിർണായക വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 36-ാം മിനിറ്റിൽ നോർവെയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിനായി സമനില ഗോൾ കണ്ടെത്തി.
രണ്ടാം പകുതിയിൽ നോർവെ ശക്തമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇംഗ്ലീഷ് പ്രതിരോധം തകർക്കാൻ അവർക്ക് സാധിച്ചില്ല. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ജൂഡ് ബെല്ലിങ്ഹാം വീണ്ടും വലകുലുക്കി ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ചത്.
നോർവെയുടെ പ്രതീക്ഷയായിരുന്ന ഹാളണ്ട് ഉൾപ്പെടെയുള്ളവർക്ക് ഗോൾ കണ്ടെത്താൻ കഴിയാതെ വന്നത് തിരിച്ചടിയായി. രണ്ടാം പകുതിയിൽ സോർലോത്തിന് ലഭിച്ച സുവർണ്ണാവസരം ഹാളണ്ടിന് കൈമാറാതെ നഷ്ടപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
മത്സരത്തിൽ റഫറിയിംഗിനെ ചൊല്ലി വലിയ തർക്കങ്ങൾ ഉടലെടുത്തു. 55-ാം മിനിറ്റിൽ കോർണർ കിക്കിലൂടെ ഹെഗം ഗോൾ നേടിയെങ്കിലും, കിക്കെടുക്കുന്നതിന് മുൻപ് എലിയറ്റ് ആൻഡേഴ്സണെ ഹാളണ്ട് തള്ളിയിട്ടു എന്നാരോപിച്ച് റഫറി ആ ഗോൾ റദ്ദാക്കി.
കൂടാതെ ഇംഗ്ലണ്ടിന്റെ ആദ്യ ഗോളിന് വഴിയൊരുങ്ങിയ പന്ത് സ്റ്റേഡിയത്തിലെ ബ്രോഡ്കാസ്റ്റിംഗ് ക്യാമറയിൽ തട്ടിയിട്ടും റഫറി മത്സരം തുടർന്നത് നോർവീജിയൻ താരങ്ങളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. മത്സരശേഷം നോർവീജിയൻ താരവും ഹാളണ്ടിന്റെ പിതാവുമായ ആൽഫി ഹാളണ്ട് എക്സിൽ പങ്കുവെച്ച കുറിപ്പുകൾ വലിയ ചർച്ചയായിട്ടുണ്ട്.
“ബെല്ലിങ്ഹാമിനും റഫറിക്കും അഭിനന്ദങ്ങൾ” എന്ന് കുറിച്ച അദ്ദേഹം, മറ്റൊരു പോസ്റ്റിൽ മത്സരം രക്ഷിച്ചത് റഫറിയാണെന്നും തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും ആരോപിച്ചു. റഫറിയുടെ തീരുമാനങ്ങളാണ് തങ്ങളുടെ പരാജയത്തിന് കാരണമെന്നാണ് നോർവേ ആരാധകരുടെ വാദം.
ഇതോടെ ഈ ലോകകപ്പിലെ ജൂഡ് ബെല്ലിങ്ഹാമിൻ്റെ ഗോൾനേട്ടം ആറായി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

