പാൽക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം
ചെറുതോണി ∙ ഉദ്ഘാടനം നടന്ന് മൂന്നാം ദിവസം പാൽക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം അടച്ചു. തൊടുപുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ കേസിൽ പാൽക്കുളംമേട് ട്രെക്കിങ് പദ്ധതി സ്റ്റേ ചെയ്യുകയായിരുന്നു.
നടപടികൾ പൂർത്തിയാക്കി ഇക്കോ ടൂറിസം ക്ലിയറൻസ് കമ്മിറ്റി ഉൾപ്പെടെയുള്ളവരിൽനിന്ന് അനുമതി ലഭിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. സന്ദർശകർക്ക് സുരക്ഷ ഒരുക്കാതെയാണ് പാൽക്കുളംമേട് തുറന്നു കൊടുത്തതെന്നും പരാതിയുണ്ട്.
കാട്ടാന അടക്കം വിഹരിക്കുന്ന പാൽക്കുളം മേട്ടിലെത്താൻ റോഡില്ല, മൊബൈൽ റേഞ്ചില്ല തുടങ്ങിയവയും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
സാധാരണയായി ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിനു മുൻപ് കിറ്റ്സ് പോലുള്ള സർക്കാർ ഏജൻസിയെക്കൊണ്ട് പഠനം നടത്താറുണ്ട്. ഇവിടെ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
യോഗ്യതയുള്ള അധികാരികളിൽനിന്ന് ആവശ്യമായ അനുമതികളും അംഗീകാരവും ലഭിച്ചില്ലെങ്കിൽ പദ്ധതി തുടരാനാവില്ലെന്നു കോടതി ഉത്തരവിടുകയായിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഞായറാഴ്ച ആൽപാറ അടിവാരത്ത് സംഘടിപ്പിച്ച യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പാൽക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം തുറന്നത്.
വടക്കേപ്പുഴ ടൂറിസം പദ്ധതി
കുളമാവ് ∙ ഉദ്ഘാടനം നടത്തി 20-ാം ദിവസം അടച്ചുപൂട്ടി ടൂറിസം പദ്ധതി. കഴിഞ്ഞമാസം 13ന് തുറന്ന വടക്കേപ്പുഴ ടൂറിസം പദ്ധതിക്കാണ് പൂട്ടുവീണത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു പ്രവർത്തിച്ചതാണെന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കാനുള്ളതിനാൽ പ്രവർത്തനം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് നിലവിലെ നടത്തിപ്പുകാർക്ക് ഹൈഡൽ ടൂറിസം സെന്റർ കത്ത് നൽകി. കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ അടിമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ പെരിയാർ വാട്ടർ സ്പോർട്സ് ഏജൻസിയാണ് വടക്കേപ്പുഴയിൽ കുട്ടവഞ്ചിയും കയാക്കിങ്ങും നടത്തിയിരുന്നത്.
11ന് പെട്ടെന്നു വിളിച്ച് വഞ്ചിയും കയാക്കിങ് ബോട്ടും എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് 13ന് ഉദ്ഘാടനവും നടത്തി. അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്താതെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് പെട്ടെന്നു തട്ടിക്കൂട്ടിയ പരിപാടിയാണെന്ന് ആരോപണം ഉയർന്നിരുന്നു.
എന്നാൽ, ടെൻഡർ നൽകാതെ അനുമതി നൽകിയതായി ആക്ഷേപം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈഡൽ ടൂറിസം സെന്റർ പ്രവർത്തനങ്ങൾ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുതിയ ഏജൻസി വരുന്നത് വരെ പ്രവർത്തനം നിലയ്ക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

