ചങ്ങനാശേരി ∙ വാഴപ്പള്ളി മഹാദേവക്ഷേത്രത്തിന്റെ നിലവറയിൽ നിന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള മൂന്ന് ഓട്ടുരുളികൾ കണ്ടെത്തി. തമിഴിലും വട്ടെഴുത്തിലും മലയാണ്മയിലുമുള്ള എഴുത്തുകളാണ് ഉരുളിയിൽ കാണപ്പെടുന്നതെന്ന് എസ്ബി കോളജ് മലയാള വിഭാഗം മുൻ മേധാവിയും ഭാഷാപണ്ഡിതനുമായ പ്രഫ.
ജോസഫ് സ്കറിയ പറഞ്ഞു. എഡി 800 മുതൽ പ്രചാരത്തിലുള്ള ലിപികൾ ഈ ലിഖിതങ്ങളിലുണ്ട്.
വാഴപ്പള്ളി ശാസനം എഡി 830ൽ വട്ടെഴുത്തിൽ എഴുതപ്പെട്ടതാണ്. തഞ്ചാവൂർ സരസ്വതി മഹാൽ മാനുസ്ക്രിപ്റ്റ് മ്യൂസിയത്തിലെ വിദഗ്ധൻ പ്രഫ.
മണിമാരൻ, കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം ഡീൻ പ്രഫ. പി.ശിവദാസൻ എന്നിവരുടെ സഹായത്തോടെയാണ് പ്രഫ.
ജോസഫ് സ്കറിയ ആദ്യഘട്ട വിശകലനം നടത്തിയത്.
ഉരുളികൾക്ക് 200 മുതൽ 900 വർഷത്തിനുള്ളിൽ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വിശദമായ പരിശോധയ്ക്കു ശേഷമേ കൂടുതൽ വ്യക്തത വരൂ.
മൂന്ന് ഉരുളികളിലെയും ലിപികൾ വ്യത്യസ്തമാണ്. വിവിധ കാഘട്ടങ്ങളിലുള്ളതാകാമെന്നാണ് നിഗമനം.
ഒരു ഉരുളിയിലെ ലിപി വിശകലനം ചെയ്തപ്പോൾ കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈ അയ്യാഗുരു കുളന്തായി വേലപ്പർ കോവിൽ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ കൊടൈക്കനാലിനു സമീപത്തുള്ള ക്ഷേത്രമാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ഭോഗർമുനി പ്രതിഷ്ഠിച്ചതുമായ ക്ഷേത്രങ്ങളിൽ ഒന്നാമത്തേതെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ടെന്ന് ചരിത്രകാരൻമാർ പറയുന്നു.
പഴനി മുരുക ക്ഷേത്രത്തിനു കീഴിലാണ് ഈ ക്ഷേത്രം വരുന്നതെന്നും പറയപ്പെടുന്നു.
ഉരുളികൾ നിലവറയിൽ വർഷങ്ങളായി ക്ലാവ് പിടിച്ച നിലയിലായിരുന്നു. ഉത്സവത്തിനു മുന്നോടിയായുള്ള ഒരുക്കത്തിനു ക്ഷേത്ര ഉപദേശകസമിതി അംഗം ഷിനോ കുറ്റിശേരി വൃത്തിയാക്കിയപ്പോഴാണ് ലിപികൾ ശ്രദ്ധിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ കൂടുതൽ ചരിത്ര പഠനം നടത്താനാണ് ക്ഷേത്രോപദേശകസമിതി ശ്രമിക്കുന്നത്. തുടർന്ന് ചരിത്രാന്വേഷകർക്കും ഭക്തർക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ക്ഷേത്രത്തിൽ സൂക്ഷിക്കാനാണ് തീരുമാനമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വിജയകുമാർ, ബാലകൃഷ്ണപ്പണിക്കർ, അജികുമാർ, ബാബു എസ്.പ്രസാദ് എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

