തുറവൂർ ∙ തീരപ്രദേശത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ആറാട്ടുവഴി പാലം ജീർണിച്ച് അപകടാവസ്ഥയിൽ. 30 വർഷം മുൻപ് വി.എം.സുധീരന്റെ എംപി ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിച്ചത്.
ഇപ്പോൾ കോൺക്രീറ്റ് അടർന്ന് പാലം തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ കടന്നുപോകാവുന്ന രീതിയിൽ പാലം പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഇത് സംബന്ധിച്ച് വിവിധ സംഘടനകളും പട്ടണക്കാട് പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷനും ഒട്ടേറെ തവണ അധികാരികൾക്ക് പരാതി നൽകിയിരുന്നു.
2020ലെ സംസ്ഥാന ബജറ്റിൽ അന്നത്തെ എംഎൽഎ പി.തിലോത്തമൻ ഇടപെട്ട് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. മണ്ണു പരിശോധന ഉൾപ്പെടെ നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഈ പാലത്തിനായി തുക ഉൾക്കൊള്ളിക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചെങ്കിലും ഒരു രൂപ പോലും വകയിരുത്തിയില്ല. 2004ലെ സൂനാമി ദുരന്തം ഉണ്ടായപ്പോൾ ജനങ്ങൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞതും വൻ ദുരന്തം ഒഴിവായതും ഈ പാലം ഉണ്ടായതിനാലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വെട്ടയ്ക്കൽ പിഎച്ച്സി, പട്ടണക്കാട് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പട്ടണക്കാട് പൊലീസ് സ്റ്റേഷൻ, കണ്ടമംഗലം, തങ്കി, പട്ടണക്കാട് തുടങ്ങിയ ഹൈസ്കൂളുകൾ, കെഎസ്ഇബി ഓഫിസ്, അക്ഷയ സെന്ററുകൾ, ബാങ്കുകൾ എന്നിവിടങ്ങളിലേക്കും ദേശീയപാതയിലേക്കും അഴീക്കൽ മുതൽ ഒറ്റമശേരി വരെയുള്ള തീരദേശവാസികൾക്ക് ഏറ്റവും വേഗം എത്താനുള്ള മാർഗമാണ് ആറാട്ടുവഴി ബീച്ച് പാലം.
∙ ആറാട്ടുവഴി ബീച്ച് പാലം വീതികൂട്ടി പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആറാട്ടുവഴി ശാഖാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എം.എ.മൈക്കിൾ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ആന്റണി കുരിശുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജാക്സൺ ചാലുങ്കൽ, ബിജു വെളിയിൽ, പ്രിൻസ് പത്രോസ്, ജോജോ ജോൺ, സുരേഷ് രാഘവൻ,കുഞ്ഞുമോൻ കമ്പോളത്തു പറമ്പിൽ, സുഭാഷ് താന്നിക്കൽ, ബൈജു വെളിയിൽ, ബോബൻ ചിറയിൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

