ആലപ്പുഴ ∙ ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 5 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിൽ നാലിലും രോഗകാരണമായത് അമീബ വിഭാഗത്തിലെ അക്കാന്തമീബ. മുൻപ് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരിലെല്ലാം കണ്ടെത്തിയത് നൈഗ്ലെറിയ ഫൗളറി എന്ന അമീബയെയാണ്.
ഇതു കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഉണ്ടാവുക. മുങ്ങിക്കുളിക്കുമ്പോൾ മൂക്ക് വഴി ശരീരത്തിൽ പ്രവേശിച്ചാണ് ഈ അമീബ തലച്ചോറിനെ ബാധിച്ചിരുന്നത്.
എന്നാൽ അക്കാന്തമീബ ശുദ്ധജലത്തിലും മണ്ണിലും കാണപ്പെടുന്നതാണ്. മൂക്ക്, കണ്ണ് എന്നിവയ്ക്കു പുറമേ മുറിവുകളിലൂടെയും ഇതു ശരീരത്തിൽ പ്രവേശിക്കും.
വെള്ളത്തിൽ മുങ്ങിക്കുളിക്കാത്തവരിലും രോഗബാധയുണ്ടായതിന്റെ കാരണം ഇതാണെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നീർക്കുന്നം കളത്തിൽ ആര്യമോൾ (28), തഴക്കര വഴുവാടി കളീക്കൽ വടക്കതിൽ ബിനു വർഗീസ് (55) എന്നിവർ ശനിയാഴ്ചയാണു മരിച്ചത്. ഇതിനു പിന്നാലെ രണ്ടര വർഷമായി അരയ്ക്കു താഴെ തളർന്നു കിടക്കുന്ന ആറാട്ടുപുഴ സ്വദേശിനിക്കും (48) ചെട്ടികാട് സ്വദേശിയായ യുവാവിനും (28) പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിക്കും (65) രോഗം സ്ഥിരീകരിച്ചു.
ഇതിൽ ബെംഗളൂരുവിൽ നഴ്സ് ആയിരുന്ന ആര്യമോളിൽ മാത്രമാണ് നൈഗ്ലെറിയ ഫൗളറി രോഗകാരിയായത്. മറ്റു നാലു പേരിലും അക്കാന്തമീബ ആണു രോഗകാരണം.
4 സംഭവങ്ങളിൽ ഉറവിടം കണ്ടെത്താനായില്ല
ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഈ സംഭവങ്ങളിൽ നാലിലും എങ്ങനെ അമീബ ശരീരത്തിൽ പ്രവേശിച്ചു എന്നു കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.
ചെട്ടികാട് സ്വദേശിയായ യുവാവ് വീട്ടുമുറ്റത്തു റിങ് വച്ച് നീന്തൽക്കുളം പോലെയുണ്ടാക്കി അതിൽ കിടക്കാറുണ്ടായിരുന്നു. ആ വെള്ളത്തിൽ നിന്നാണ് അക്കാന്തമീബ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടാവുക.
മറ്റു നാലുപേരും വെള്ളത്തിൽ മുങ്ങിക്കുളിച്ചതായി കണ്ടെത്തിയിട്ടില്ല. എന്നാൽ അമീബ ശരീരത്തിൽ പ്രവേശിക്കാൻ അതു വേണമെന്നില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.
അമീബയുള്ള വെള്ളം ഉപയോഗിച്ചു മുഖം കഴുകുമ്പോഴോ കുളിക്കുമ്പോഴോ മൂക്കിൽ വെള്ളം കയറിയാൽ രോഗബാധയുണ്ടാകും. മണ്ണിലുള്ള അക്കാന്തമീബ ശരീരത്തിലെ മുറിവുകൾ വഴി പ്രവേശിക്കാം.
മത്സ്യത്തൊഴിലാളിയായ ചെട്ടികാട് സ്വദേശി കടലിൽ പോകുമ്പോൾ വലിയ കന്നാസുകളിൽ കുഴൽക്കിണറ്റിലെ വെള്ളമാണു കൊണ്ടുപോകുന്നത്. ഇതിൽ അമീബയുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധ പ്രവർത്തനം തുടങ്ങി
ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
പൊതുജലാശയങ്ങളും വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളും ബോധവൽക്കരണവുമാണു നടക്കുന്നത്. അക്കാന്തമീബ മണ്ണിലും കാണപ്പെടുമെങ്കിലും വെള്ളത്തിലൂടെയാണു കൂടുതലായും ശരീരത്തിൽ പ്രവേശിക്കുന്നത്.
അതിനാൽ നീന്തൽക്കുളങ്ങൾ, കിണറുകൾ, ജലാശയങ്ങൾ എന്നിവ ക്ലോറിനേറ്റ് ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗബാധിതരുടെ വീടുകളിൽ നിന്നു വെള്ളം പരിശോധനയ്ക്ക് അയയ്ക്കും.
ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടെന്നു പരിശോധിക്കാനുള്ള ക്ലോറോസ്കോപ് ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ ഉണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസറുടെ ചുമതലയുള്ള ഡോ.എസ്.ആർ. ദിലീപ്കുമാർ അറിയിച്ചു.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാം
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
എത്രയും വേഗം ചികിത്സ തേടണം
ശുദ്ധമാക്കാം കിണറുകൾ
ശുദ്ധജലം സംഭരിക്കുന്ന കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യുക എന്നതാണ് പ്രധാന പ്രതിരോധ നടപടി.
കിണറ്റിൽ ക്ലോറിനേഷൻ എങ്ങനെ നടത്താം ?
ആദ്യം ജലസംഭരണിയിലെ (കിണർ അല്ലെങ്കിൽ ടാങ്ക്) ജലത്തിന്റെ അളവു കണക്കാക്കണം. 1000 ലീറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡർ (ഒരു തീപ്പെട്ടിക്കൂടിനുള്ളിൽ കൊള്ളുന്ന അത്രയും അല്ലെങ്കിൽ ഒരു ടേബിൾ സ്പൂൺ) എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ എടുക്കുക.
ഇതു ബക്കറ്റിലിട്ടു വെള്ളമൊഴിച്ചു കുഴമ്പു പരുവത്തിലാക്കുക. ശേഷം ബക്കറ്റിന്റെ മുക്കാൽ ഭാഗം വെള്ളമൊഴിച്ച് ഇതു നേർപ്പിച്ച ശേഷം 10 മിനിറ്റു വയ്ക്കുക.
തെളിഞ്ഞ ലായനി മാത്രം വെള്ളം കോരുന്ന പാത്രത്തിലേക്കോ മറ്റൊരു ബക്കറ്റിലേക്കോ ഒഴിച്ചു കയറിൽ സംഭരണിയിലെ വെള്ളത്തിലേക്ക് ഇറക്കി നന്നായി ഉലയ്ക്കുകയോ അടിത്തട്ടിലേക്ക് കൊണ്ടുപോയി പൊക്കുകയും താഴ്ത്തുകയുമോ ചെയ്യുക. ഒരു മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

