മോരിക്കര ∙ മോരിക്കരയ്ക്ക് സമീപം ഇൻഡസ്ട്രിയൽ വർക്ഷോപ്പിൽ യുവതി തൂങ്ങിമരിച്ചത് വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് നാട്ടുകാർ അറിയുന്നത്. പ്രതി വൈശാഖനും ഭാര്യയുമാണ് യുവതിയുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്.
പ്രതിയും ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ പൊലീസിനു നൽകിയ വിവരത്തെ തുടർന്ന് മാളിക്കടവിൽ പ്രവർത്തിക്കുന്ന വൈശാഖന്റെ വർക്ഷോപ്പിൽ പൊലീസ് എത്തി സീൽ ചെയ്തു.
ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ ജ്യൂസിൽ ഉറക്ക ഗുളിക കലർത്തിയെന്ന് പ്രതി പൊലീസിന് ആശുപത്രിയിൽ വച്ച് മൊഴി നൽകി.
താൻ മയങ്ങിപ്പോയെന്നും പിന്നീട് ഉണർന്നപ്പോൾ യുവതിയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു എന്നുമായിരുന്നു മൊഴി. ഉറക്ക ഗുളിക കഴിച്ച് മയങ്ങിയെന്നു പറഞ്ഞ പ്രതി നഗരത്തിലെ ആശുപത്രി വരെ വാഹനം ഓടിച്ചത് പൊലീസിന് സംശയത്തിനിടയാക്കി.
പ്രാഥമിക പരിശോധനയിൽ ആത്മഹത്യ എന്ന് തോന്നിപ്പിക്കുന്ന സംഭവം. ഇതിനിടയിലാണ് വർക്ക് ഷോപ്പിൽ യുവതി തൂങ്ങിമരിച്ച കുരുക്കിന് പുറമേ കയർ കൊണ്ടുള്ള മറ്റൊരു കുരുക്ക് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് വർക്ഷോപ്പിൽ കൂടുതൽ പരിശോധന നടത്തി. വർക്ഷോപ്പിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് എലത്തൂർ പൊലീസ് പരിശോധനയ്ക്കായി എടുത്തു.
ഇതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കഴുത്തിൽ കുരുക്കിട്ട ശേഷം യുവതി നിന്നിരുന്ന സ്റ്റൂൾ വൈശാഖൻ ചവിട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നു ലഭിച്ചത്. യുവതി മരിക്കുന്നതിന് തൊട്ടുമുമ്പ് യുവതിയും പ്രതിയുമായുള്ള സംഭാഷണവും പൊലീസിന് ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലുണ്ട്.
പ്രതിയുടെ ലൈംഗിക വൈകൃതം വ്യക്തമാക്കുന്നതാണ് പൊലീസ് വർക്ഷോപ്പിൽ നിന്നു കണ്ടെടുത്ത നിരീക്ഷണ ദൃശ്യങ്ങൾ എന്ന് പൊലീസ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച രാത്രിയോടെ വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു കൂടുതൽ ചോദ്യം ചെയ്തു.
മറ്റു സ്ത്രീകളുമായും വൈശാഖന് ബന്ധമുണ്ടായിരുന്നെന്ന് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിന് വ്യക്തമായി.
യുവതിയുടെ ഡയറി നിർണായക തെളിവാകും
എലത്തൂർ ∙ ഞായറാഴ്ച പൊലീസ് വൈശാഖിന്റെ വർക്ഷോപ്പിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിയുടെ ബാഗ് കണ്ടെത്തിയിരുന്നു.
ബാഗ് പരിശോധിച്ചപ്പോൾ യുവതിയുടെ ഡയറി പൊലീസിന് ലഭിച്ചിരുന്നു. താൻ മരണപ്പെടുമെന്ന് യുവതി ഡയറിയിൽ മാസങ്ങൾക്കു മുൻപ് രേഖപ്പെടുത്തിയിരുന്നു.
പ്രതിയെക്കുറിച്ച് ഡയറിയിൽ നിന്നു പൊലീസിന് സൂചനകൾ ലഭിച്ചെന്നാണ് വിവരം. യുവതിയെ പ്രായപൂർത്തിയാകും മുൻപ് തന്നെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തതായ വിവരങ്ങളും ഡയറിയിൽ നിന്നു ലഭിച്ചു.
ഈ ഡയറി കേസിൽ നിർണായക തെളിവാകും. യുവതിയുടെ ഡയറി തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊലപാതകമെന്ന് കുടുംബമറിഞ്ഞത് തിങ്കളാഴ്ച
മാളിക്കടവ് ∙ തിങ്കളാഴ്ച രാവിലെയാണ് കൊലപാതകമാണെന്ന വിവരം യുവതിയുടെ കുടുംബം അറിഞ്ഞത്.
യുവതി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകം ആണെന്നും കുടുംബം ഞെട്ടലോടെയാണ് കേട്ടത്. യുവതിയുടെ മൃതദേഹം കഴിഞ്ഞദിവസം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചിരുന്നു.
എന്നാൽ ബന്ധുക്കൾ ആത്മഹത്യയാണെന്നാണ് കരുതിയിരുന്നത്. മുൻപ് പ്രതി യുവതിക്ക് വേണ്ടി മാളിക്കടവിൽ ഒരു സ്ഥാപനം തുറന്നു നൽകിയിരുന്നു.
എന്നാൽ പിന്നീട് ഇത് ചില പ്രശ്നങ്ങൾ കാരണം അടച്ചുപൂട്ടി. യുവതിയെ ഫാഷൻ ഡിസൈനിങ് പഠിപ്പിക്കാൻ പ്രതിയാണ് മുൻകയ്യെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

