തിരുവനന്തപുരം: നാവായിക്കുളത്ത് കിടപ്പുരോഗിയായ ഗൃഹനാഥനെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. കല്ലമ്പലം സ്വദേശികളായ ബിജു, മനീഷ്, പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു നാവായിക്കുളം ചിറ്റായിക്കോടിൽ ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അരയ്ക്ക് താഴെ തളർന്ന് കഴിഞ്ഞ ഒരു വർഷമായി കിടപ്പിലായ നാവായിക്കുളം സ്വദേശി അനിൽ കുമാറിനെയാണ് (58) പ്രതികൾ ആക്രമണത്തിനിരയാക്കിയത്.
വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന സംഘം അനിൽ കുമാറിനോട് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാൻ അദ്ദേഹം വിസമ്മതിച്ചതിനെ തുടർന്ന് വാളുപയോഗിച്ച് കാലിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
തുടർന്ന് അക്രമികൾ കട്ടിലിനോട് ചേർത്ത് സൂക്ഷിച്ചിരുന്ന 3,750 രൂപയും 20,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കവർച്ച ചെയ്ത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേർന്ന്, കാലിൽ നിന്ന് അമിതമായി രക്തം വാർന്ന നിലയിൽ കണ്ടെത്തിയ അനിൽ കുമാറിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തിയ കല്ലമ്പലം പോലീസ് പ്രതികളെ ഉടൻ തന്നെ പിടികൂടുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

