എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ശശിധരൻ ഈ മാസം 14ന് നേരിട്ട് ഹാജരാകണമെന്ന് കേരള ഹൈക്കോടതി കർശന നിർദ്ദേശം നൽകി.
വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വ്യക്തതയില്ലാത്തതാണെന്ന് കടുത്ത വിമർശനം ഉന്നയിച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഈ ഉത്തരവിട്ടത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന പ്രാഥമിക വിവരം പോലും സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
അന്വേഷണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശിയായ പരാതിക്കാരൻ എം.എസ്.അനിൽ സമർപ്പിച്ച ഉപഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ ഇടപെടൽ. മൈക്രോഫിനാൻസ് കേസുകളിൽ ഇതുവരെ 17 പരാതികളിൽ അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട
കോടതികളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ, 30 പരാതികളിൽ പ്രോസിക്യൂട്ട് ചെയ്യാൻതക്ക ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഈ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അന്വേഷണം പൂർത്തിയായവയ്ക്ക് പുറമെ പുൽപ്പള്ളി, റാന്നി, മാനന്തവാടി യൂണിയനുകളിൽ ഉയർന്ന ക്രമക്കേട് ആരോപണങ്ങളിലും കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ റാന്നി, പുൽപ്പള്ളി യൂണിയനുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്യും.
പുൽപ്പള്ളി യൂണിയനിലെ കേസിൽ പ്രോസിക്യൂഷൻ അനുമതിക്കായി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2016-ൽ ആണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ.സോമൻ, മൈക്രോഫിനാൻസ് സ്റ്റേറ്റ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ, കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ എന്നിവരെ പ്രതി ചേർത്താണ് കേസ് മുന്നോട്ട് പോകുന്നത്. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (കെഎസ്ബിസിഡിസി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകൾ ചമച്ച് വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് കേസിനാധാരമായ ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

